മുറികളില്‍ രക്തക്കറ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കാഞ്ഞങ്ങാട് ഒറ്റക്ക് താമസിച്ചിരുന്ന വീട്ടമ്മ വീടിനകത്ത് മരിച്ച നിലയില്‍; മരണം പുറംലോകം അറിഞ്ഞത് പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍; വീട്ടില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍
മുറികളില്‍ രക്തക്കറ, മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
കാഞ്ഞങ്ങാട്: ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാവുകാല്‍ ആനന്ദാശ്രമത്തിന് സമീപത്തെ പ്രണവം അപ്പാര്‍ട്ട്മെന്റിന് സമീപത്തെ 'കൃഷ്ണകൃപ'യില്‍ താമസിക്കുന്ന എ സി ധനലക്ഷ്മി നമ്പ്യാര്‍ (68) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ അജാനൂര്‍ പഞ്ചായത്തിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
വീടിന്റെ കോളിംഗ് ബെല്‍ അടിച്ചുവെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീടിനകത്ത് നിന്ന് ഈച്ചകള്‍ മൂളുന്ന ശബ്ദം കേള്‍ക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരെയും ഹോസ്ദുര്‍ഗ് പൊലീസിനെയും വിവരമറിയിച്ചു. ഫോറന്‍സിക് വിദഗ്ധരും പൊലീസും സ്ഥലത്തെത്തി വീട് തുറന്ന് നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയിലെ തറയിലാണ് മൃതദേഹം കണ്ടെത്തിയത്.
വീടിനുള്ളില്‍ മല്‍പിടുത്തം നടന്നതായുള്ള സൂചനകളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ധനലക്ഷ്മി മരിച്ചു കിടന്ന കിടപ്പുമുറിയില്‍ രക്തം തളം കെട്ടിക്കിടക്കുന്നുണ്ട്. കൂടാതെ ഹാളിലും അടുക്കളയിലും രക്തക്കറകള്‍ കണ്ടെത്തി. ഹാളിലെ ഗ്ലാസ് ടീപ്പോയ് തകര്‍ന്ന നിലയിലും കിടപ്പുമുറി അലങ്കോലപ്പെട്ട നിലയിലുമാണ്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.
വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മരണത്തില്‍ അസ്വാഭാവികതയുള്ളതിനാല്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭര്‍ത്താവ് റിട്ട. നേവി സിവില്‍ ഉദ്യോഗസ്ഥനായ കുഞ്ഞികൃഷ്ണന്‍ നായര്‍ കോവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. അതിനുശേഷം ധനലക്ഷ്മി ഈ വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. സഹോദരങ്ങള്‍: എ സി ശ്രീധരന്‍ നമ്പ്യാര്‍ (ചെര്‍ക്കള, പാടി), മാലിനി അമ്മ (മാതമംഗലം പാണപ്പുഴ), എ സി മോഹന്‍രാജ് (പനയാല്‍), പരേതരായ എ സി ബാലകൃഷ്ണന്‍ നമ്പ്യാര്‍, എ സി രാമചന്ദ്രന്‍ നമ്പ്യാര്‍.