വെള്ളിയാഴ്ച കോളേജിലേക്ക് പോയവർ മടങ്ങി വന്നില്ല; ലൊക്കേഷൻ തേടി പോലീസ് എത്തിയത് ക്ഷേത്രത്തിൽ; ശുചിമുറിയിലെ വാതിൽ പൊളിച്ചപ്പോൾ കണ്ടത് നടുക്കുന്ന ദൃശ്യം; സെർച്ച് ഹിസ്റ്ററിയിൽ കണ്ടെത്തിയത് നിർണായക വിവരം; വിദ്യാർത്ഥിനികളുടെ മരണത്തിൽ ദുരൂഹത നീങ്ങുന്നു?
സൂറത്ത്: സൂറത്തിലെ സ്വാമിനാരായണ ക്ഷേത്ര സമുച്ചയത്തിലെ ശുചിമുറിക്കുള്ളിൽ രണ്ട് കോളേജ് വിദ്യാർത്ഥിനികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. വിഷാംശമുള്ള മരുന്നുകൾ കുത്തിവച്ചുള്ള ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ കോളേജിലേക്ക് പോയ പെൺകുട്ടികൾ ഉച്ചയായിട്ടും തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളുടെ അവസാന ലൊക്കേഷൻ ക്ഷേത്ര സമുച്ചയമാണെന്ന് പോലീസ് കണ്ടെത്തി. ശനിയാഴ്ച തിരച്ചിൽ തുടരുന്നതിനിടെ ഇവരുടെ സ്കൂട്ടറുകൾ ക്ഷേത്രവളപ്പിൽ പാർക്ക് ചെയ്ത നിലയിൽ കണ്ടെതുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടികൾ ശുചിമുറിയിലേക്ക് നടന്നുപോകുന്നതായി വ്യക്തമായിട്ടുണ്ട്.
പോലീസ് സ്ഥലത്തെത്തിയപ്പോൾ ശുചിമുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്താണ് പോലീസ് അകത്തുകയറിയത്. പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തുകയും മൃതദേഹങ്ങൾക്ക് സമീപത്തുനിന്ന് ഒരു സിറിഞ്ചും വിഷാംശമുള്ള മരുന്നിന്റെ മൂന്ന് കുപ്പികളും കണ്ടെടുക്കുകയും ചെയ്തു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിൽ പെൺകുട്ടികൾ "എങ്ങനെ ആത്മഹത്യ ചെയ്യാം" എന്ന് തിരഞ്ഞതായും കണ്ടെത്തി.
കണ്ടെടുത്ത സിറിഞ്ച്, മരുന്നുകുപ്പികൾ, പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. ഡിൻഡോലി പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ ഫലങ്ങളും പുറത്തുവരുന്നതോടെ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.