ഒരേ കല്യാണത്തിന് രണ്ട് വരന്മാര്‍! കല്ല്യാണപ്പന്തലില്‍ കൂട്ടത്തല്ല്; ഒടുവില്‍ 'ട്വിസ്റ്റ്': വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ല; യുപിയിലെ ഖതൗലിയില്‍ നടന്ന നാടകീയ സംഭവങ്ങള്‍

Update: 2026-03-29 10:00 GMT

ആഗ്ര: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലുള്ള ഖതൗലിയില്‍ നടന്ന ഒരു വിവാഹച്ചടങ്ങ് സിനിമാക്കഥകളെ വെല്ലുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷിയായി. ഒരേ വധുവിനെ വിവാഹം കഴിക്കാന്‍ രണ്ട് വരന്മാര്‍ ഒരേസമയം ഘോഷയാത്രയുമായി എത്തിയതോടെയാണ് ആഘോഷം തല്ലിലും കേസിലും കലാശിച്ചത്. ഒടുവില്‍ വധുവിന് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വിവര പുറത്തുവന്നതോടെ പോലീസ് ഇടപെട്ട് വിവാഹം തടഞ്ഞു.

ഷാംലിയില്‍ നിന്നും മീററ്റില്‍ നിന്നുമാണ് വധുവിന്റെ വീട്ടിലേക്ക് വിവാഹ ഘോഷയാത്രകള്‍ (ബരാത്ത്) എത്തിയത്. രണ്ട് വരന്മാരും തങ്ങളുമായാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് അവകാശപ്പെട്ടതോടെ തര്‍ക്കം രൂക്ഷമായി. ബന്ധുക്കള്‍ തമ്മിലുള്ള വാദപ്രതിവാദം വൈകാതെ സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ല്യാണപ്പന്തലില്‍ ആകെ ബഹളമായതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വിവാഹം ആറുമാസം മുന്‍പ് ഷാംലി സ്വദേശിയായ പ്രദീപ് കുമാറുമായി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ വിവാഹത്തിന് തൊട്ടുതലേന്ന് പ്രദീപിന്റെ സഹോദരന്‍ മരിച്ചു. വിവാഹ തീയതി അടുത്തിട്ടും പ്രദീപിന്റെ കുടുംബം കൃത്യമായ മറുപടി നല്‍കാത്തതില്‍ പ്രകോപിതനായ പെണ്‍കുട്ടിയുടെ പിതാവ്, തിങ്കളാഴ്ച വൈകുന്നേരം മീററ്റ് സ്വദേശിയായ ആകാശുമായി വിവാഹം ഉറപ്പിച്ചു. നിശ്ചയിച്ച സമയത്ത് പ്രദീപ് കുമാറും ആകാശും തങ്ങളുടെ ബന്ധുക്കളോടൊപ്പം വധുവിന്റെ വീട്ടിലെത്തിയതോടെയാണ് പന്തല്‍ യുദ്ധക്കളമായത്.

സംഘര്‍ഷത്തിനിടെ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ആരോപിച്ച് ഒരു ഗ്രാമീണന്‍ ചൈല്‍ഡ് ഹെല്‍പ്പ് ലൈനില്‍ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ വിവാഹ ചടങ്ങുകള്‍ ഉദ്യോഗസ്ഥര്‍ തടയുകയും പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രമായ 'വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക്' മാറ്റുകയും ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചതിനും സംഘര്‍ഷമുണ്ടാക്കിയതിനും വധുവിന്റെ വീട്ടുകാര്‍ക്കും വരന്മാര്‍ക്കുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഘോഷമായി നടക്കേണ്ടിയിരുന്ന കല്യാണം ഒടുവില്‍ പോലീസ് സ്റ്റേഷനിലും അഭയകേന്ദ്രത്തിലുമായി അവസാനിച്ചു.

Similar News