ഷാഫിയും മാങ്കൂട്ടത്തിലും തമ്മിലുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് ഭീഷണി പെടുത്തി; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം രാഷ്ട്രീയ ആയുധം; ജോലി വാഗ്ദാനം നല്‍കി പീഡനം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍; രാഷ്ട്രീയ പോര് മുറുകുന്നു; കോണ്‍ഗ്രസ് കൗണ്‍സിലര്‍ കേരളം വിട്ടെന്ന് സൂചന

Update: 2026-03-29 04:25 GMT

പാലക്കാട്: ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പാലക്കാട് നഗരസഭയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് സി. വത്സനെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബലാത്സംഗം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പരാതി പുറത്തുവന്നതിന് പിന്നാലെ ഒളിവില്‍ പോയ പ്രശോഭ് കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് നിഗമനം. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങിയതായും സൂചനയുണ്ട്.

പാലക്കാട് നഗരസഭയിലെ 24-ാം വാര്‍ഡ് കൗണ്‍സിലറായ പ്രശോഭ്, ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ താമസസ്ഥലത്തെത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഉന്നത കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുമായുള്ള തന്റെ അടുത്ത ബന്ധം പറഞ്ഞ് പ്രശോഭ് ഭീഷണിപ്പെടുത്തിയതായും പാലക്കാട് സ്വദേശിയായ യുവതി ആരോപിക്കുന്നു. മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉയര്‍ന്ന ലൈംഗിക പീഡനാരോപണം രാഷ്ട്രീയ ആയുധമാക്കുകയാണ് സി.പി.എം. പ്രശോഭിന് കോണ്‍ഗ്രസ് നേതൃത്വവുമായുള്ള ബന്ധം ഉയര്‍ത്തിക്കാട്ടിയാണ് ഇടത് മുന്നണിയുടെ പ്രചാരണം. എന്നാല്‍, വിഷയം ഗൗരവകരമായി എടുത്ത ഡി.സി.സി നേതൃത്വം പ്രശോഭിനെ അടിയന്തരമായി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ധാര്‍മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

പ്രശോഭിനെതിരായ ആരോപണം തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമേശ് പിഷാരടി പ്രതികരിച്ചു. ചൂഷണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം, പ്രതിയെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ അതിര്‍ത്തികളിലടക്കം പോലീസ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

Similar News