കേരളാ പോലീസിന്റെ മാസ്റ്റര്‍ ക്ലാസ്; വഴിതെറ്റാതെ സിബിഐ; നാഗ്പൂരിലെ 'സൂരജ് ഭട്ട്'; ഒടുവില്‍ സിബിഐയുടെ പൂട്ടു വീണു; 20 വര്‍ഷം നീണ്ട വേട്ടയാടല്‍, ഒടുവില്‍ നാഗ്പൂരില്‍ സിബിഐയുടെ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; ശ്യാമള്‍ മണ്ഡല്‍ വധക്കേസിലെ കൊടുംക്രിമിനല്‍ പിടിയില്‍; തിരുവനന്തപുരത്തെ ആന്‍ഡമാന്‍ വിദ്യാര്‍ത്ഥിയുടെ കൊലപാതകി അഴിക്കുള്ളിലേക്ക്
തിരുവനന്തപുരം: ഇത് വെറുമൊരു കൊലപാതക വാര്‍ത്തയല്ല, നീതിക്ക് വേണ്ടിയുള്ള ഒരു പിതാവിന്റെ പോരാട്ടത്തിന്റെയും തോല്‍ക്കാന്‍ മനസ്സില്ലാത്ത അന്വേഷണ ഏജന്‍സികളുടെയും വിജയഗാഥയാണ്. തിരുവനന്തപുരം സിഇടിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ബംഗാള്‍ സ്വദേശി ശ്യാമള്‍ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍, രണ്ട് പതിറ്റാണ്ടായി നിയമത്തിന്റെ കണ്ണുവെട്ടിച്ച് നടന്ന ഒന്നാം പ്രതി നേപ്പാള്‍ സ്വദേശി ദീപക് എന്ന ദുര്‍ഗ ബഹദൂര്‍ ഭട്ട് ഛേത്രി ഒടുവില്‍ കുടുങ്ങി. നാഗ്പൂരില്‍ സിബിഐ നടത്തിയ അതീവ രഹസ്യമായ ഓപ്പറേഷനിലാണ് ഈ കൊടുംക്രിമിനല്‍ വലയിലായത്.
അന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറായിരുന്ന എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിത്തെളിച്ച അന്വേഷണ പാതയിലൂടെയാണ് സിബിഐ ഈ വിജയതീരത്തെത്തിയത്. ഒരു തുമ്പും ഇല്ലാതിരുന്ന കേസില്‍, ഫോണ്‍ രേഖകളും കുടുംബ പശ്ചാത്തലവും അരിച്ചുപെറുക്കി കേരളാ പോലീസ് തയ്യാറാക്കിയ ആ 'കണ്ടെത്തലുകള്‍' നൂറു ശതമാനം ശരിയാണെന്ന് സിബിഐക്ക് പിന്നീട് സമ്മതിക്കേണ്ടി വന്നു. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി പിതാവ് ബസുദേവ് മണ്ഡല്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടത്. എന്നാല്‍, സിബിഐക്ക് മുന്നിലും കേരളാ പോലീസിന്റെ കൃത്യമായ കണ്ടെത്തലുകള്‍ തന്നെയായിരുന്നു പ്രധാന ആയുധം.
കൊലപാതകത്തിന് ശേഷം അപ്രത്യക്ഷനായ ദീപക്കിനെ കണ്ടെത്തുക എന്നത് സിബിഐക്ക് മുന്നിലെ വലിയ വെല്ലുവിളിയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി 'സൂരജ് ബി. ഭട്ട്' എന്ന പേരില്‍ നാഗ്പൂരില്‍ ആള്‍മാറാട്ടം നടത്തി ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. താന്‍ സുരക്ഷിതനാണെന്ന് അയാള്‍ കരുതിയിടത്താണ് സിബിഐയുടെ നാഗ്പൂര്‍ ഓപ്പറേഷന്‍ വിജയിച്ചത്. കഠിനമായ പരിശ്രമത്തിനൊടുവില്‍ പ്രതിയെ തിരിച്ചറിഞ്ഞ സിബിഐ സംഘം വേഷം മാറി ചെന്നാണ് ഇയാളെ പൊക്കിയത്.
2005 ഒക്ടോബറിലായിരുന്നു കേരളത്തെ നടുക്കിയ ആ കൊലപാതകം. ആന്തമാനില്‍ അധ്യാപകനായിരുന്ന ബസുദേവ് മണ്ഡലിനോടുള്ള പകയാണ് മകന്‍ ശ്യാമളിന്റെ ജീവനെടുത്തത്. രണ്ടാം പ്രതി മുഹമ്മദ് അലിയുടെ ആന്തമാനിലെ ഹോട്ടല്‍ ബിസിനസ് തകരാന്‍ കാരണം ബസുദേവാണെന്ന തെറ്റായ ധാരണയും പണത്തോടുള്ള ആര്‍ത്തിയുമാണ് ചതിക്ക് പിന്നില്‍. 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയെങ്കിലും പോലീസ് വിവരം അറിഞ്ഞതോടെ പ്രതികള്‍ പയ്യനെ കൊന്ന് ചാക്കില്‍ കെട്ടി തിരുവല്ലം വെള്ളാര്‍ ഭാഗത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
തന്റെ മകനെ കൊന്നവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ബംഗാളില്‍ നിന്നും സുപ്രീം കോടതി വരെ കയറിയിറങ്ങിയ ബസുദേവ് മണ്ഡലിന്റെ പോരാട്ടം വെറുതെയായില്ല. രണ്ടാം പ്രതി മുഹമ്മദ് അലിക്ക് നേരത്തെ ഇരട്ട ജീവപര്യന്തം ലഭിച്ചിരുന്നെങ്കിലും അടുത്തിടെ ജാമ്യം ലഭിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒന്നാം പ്രതി കൂടി പിടിയിലായതോടെ നീതി നടപ്പിലാകുമെന്ന് ഉറപ്പായിരിക്കുകയാണ്. കേരളാ പോലീസ് പടുത്തുയര്‍ത്തിയ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സിബിഐ ഈ കേസ് വിജയിപ്പിച്ചതെന്നത് നമ്മുടെ പോലീസിനും അഭിമാനകരമാണ്.
പിടിയിലായ ദീപക്കിനെ കോടതിയില്‍ ഹാജരാക്കി തുടര്‍നടപടികള്‍ സ്വീകരിക്കും. ഒളിവില്‍ കഴിയാന്‍ ഇയാളെ ആരെങ്കിലും സഹായിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ സിബിഐ അന്വേഷിക്കുന്നുണ്ട്. നീതി വൈകിയെങ്കിലും അത് നിഷേധിക്കപ്പെട്ടില്ല എന്ന വലിയ സന്ദേശമാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.
