'ഷെറി' എന്ന വ്യാജപ്പേരിലുള്ള പ്രൊഫൈലില്‍ നിന്നും സന്ദേശം; ഡേറ്റിങ് ആപ്പ് വഴിയുള്ള പരിചയം സൗഹൃദമാക്കി വിളിച്ചുവരുത്തി; കാറില്‍ കയറ്റിക്കൊണ്ടു പോയി കൊള്ളയടിച്ചു; യുവാവില്‍നിന്ന് ഏഴുലക്ഷം തട്ടിയ സംഘം അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പുകള്‍ വഴി യുവാക്കളെ ആകര്‍ഷിച്ച് വിജനമായ സ്ഥലത്തെത്തിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന അഞ്ചംഗ സംഘം ഡല്‍ഹി പൊലീസിന്റെ പിടിയില്‍. കല്‍ക്കാജി പ്രദേശം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന യുവതിയുള്‍പ്പെടെയുള്ള സംഘമാണ് മണിക്കൂറുകള്‍ക്കകം പിടിയിലായത്. സിനിമയെ വെല്ലുന്ന രീതിയിലുള്ള തട്ടിക്കൊണ്ടുപോകലിനും ഭീഷണിക്കുമൊടുവില്‍ ഏഴ് ലക്ഷം രൂപയാണ് സംഘം ഒരു യുവാവില്‍ നിന്ന് മാത്രം കവര്‍ന്നത്.
'3F' എന്ന ഡേറ്റിങ് ആപ്പ് വഴിയാണ് തട്ടിപ്പിന് തുടക്കമിടുന്നത്. 'ഷെറി' എന്ന വ്യാജപ്പേരിലുള്ള പ്രൊഫൈലില്‍ നിന്ന് യുവാവായ അനുരൂപ് നരുലയ്ക്ക് സന്ദേശം എത്തുകയായിരുന്നു. സൗഹൃദം നടിച്ച് സംസാരിച്ച യുവതി നെഹ്റു പ്ലേസ് ഏരിയയില്‍ വെച്ച് നേരിട്ട് കാണാമെന്ന് അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ യുവാവിനെ കാത്തിരുന്നത് വലിയൊരു കെണിയായിരുന്നു. യുവതിക്കൊപ്പം പെട്ടെന്നുതന്നെ മൂന്ന് യുവാക്കള്‍ എത്തുകയും അനുരൂപിനെ ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. ശ്വാസം മുട്ടിച്ച് ബോധം കെടുത്താന്‍ ശ്രമിച്ചും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടിയത്. യുപിഐ വഴിയും ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഏകദേശം ഏഴ് ലക്ഷത്തോളം രൂപ യുവാവിന്റെ അക്കൗണ്ടില്‍ നിന്ന് സംഘം തട്ടിയെടുത്തു.
കവര്‍ച്ചയ്ക്ക് ശേഷം യുവാവിനെ നെഹ്റു പ്ലേസില്‍ തന്നെ തിരികെ ഇറക്കിവിട്ടു. വിവരം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയാണ് സംഘം സ്ഥലം വിട്ടത്.
ഭീഷണി വകവെക്കാതെ അനുരൂപ് ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഘം കുടുങ്ങിയത്. അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രത്തന്‍ ലാലിന്റെയും ഇന്‍സ്‌പെക്ടര്‍ ആര്‍.എസ് ഡാഗറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം സിസിടിവി ദൃശ്യങ്ങളും ഡിജിറ്റല്‍ ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ ഋഷഭ് രാഘവ് എന്നയാളെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും ആദ്യം കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളികളായ നവോജിത്, സാഹില്‍, ജോയ് (സഞ്ജയ്), ജെന്നി (ഹര്‍ലീന്‍ കൗര്‍) എന്നിവരെ മാളവ്യ നഗറില്‍ നിന്ന് പൊലീസ് പൊക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച രണ്ട് കാറുകളും അഞ്ച് മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത പണത്തിന്റെ ബാങ്ക് ഇടപാട് രേഖകളും പിടിച്ചെടുത്തു.
ഡേറ്റിങ് ആപ്പുകള്‍ വഴി യുവാക്കളെ വിജനമായ സ്ഥലങ്ങളിലേക്ക് വിളിച്ച് വരുത്തി കൊള്ളയടിക്കുന്നതാണ് ഇവരുടെ സ്ഥിരം രീതിയെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി അപരിചിതരെ കാണാന്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഡല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കി.
