കുണ്ടറയില്‍ എസ്‌ഐയുടെ ക്രൂരത; യുവതിയെ തറയിലിട്ട് തല്ലി, കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചു! ഉത്സവം കാണാനെത്തിയ ദമ്പതികള്‍ക്ക് നേരെ പോലീസ് തേര്‍വാഴ്ച; എസ്‌ഐ കിരണിനെതിരെ ഡിവൈഎഫ്‌ഐയുടെ പോര്‍വിളി; കുണ്ടറ സ്റ്റേഷനില്‍ സംഘര്‍ഷാവസ്ഥ

കുണ്ടറയില്‍ എസ്‌ഐയുടെ ക്രൂരത;

Update: 2026-03-28 13:15 GMT

കൊല്ലം: കുണ്ടറയില്‍ ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് പോലീസ് മര്‍ദനമേറ്റതായി പരാതി. പേരൂര്‍ സ്വദേശിനിയായ യുവതിയെ കുണ്ടറ സ്റ്റേഷന്‍ എസ്.ഐ. കിരണ്‍ മര്‍ദിച്ചെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ യുവതി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ ഭര്‍ത്താവിനൊപ്പം ഉത്സവം കാണാനെത്തിയപ്പോഴാണ് യുവതിക്ക് മര്‍ദനമേറ്റതെന്നാണ് പരാതിയില്‍ പറയുന്നത്. ശരീരത്തിലെ മര്‍ദനമേറ്റ പാടുകളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ യുവതി ജില്ലാ പോലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ ശാസ്താംകോട്ട ഡിവൈഎസ്പി അന്വേഷണം നടത്തും. റൂറല്‍ എസ് പി ടി.കെ വിഷ്ണു പ്രദീപാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. പരിക്കേറ്റ യുവതി ചികിത്സയിലാണ്. തറയിലിട്ട് തന്നെ അടിച്ചുവെന്നും, പെപ്പര്‍ സ്പ്രേ ഉപയോഗിച്ചുവെന്നുമാണ് യുവതി പറയുന്നത്.

അതേസമയം, യുവതിയുടെ ഭര്‍ത്താവ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് കുണ്ടറ പോലീസ് വിശദീകരിക്കുന്നത്. പോലീസ് ജോലി തടയാന്‍ ശ്രമിച്ചപ്പോള്‍ ഇടപെടുക മാത്രമാണ് ചെയ്തതെന്നും കുണ്ടറ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

പോലീസ് നടപടിക്കെതിരെ ഡിവൈഎഫ്‌ഐ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഎഫ്‌ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിക്കുകയും പെണ്‍കുട്ടിയെ മര്‍ദിച്ച എസ്.ഐ. കിരണിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടക്കുകയാണ്.

Tags:    

Similar News