മകൻ വിദേശത്ത്, മകൾ ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല; അപ്പാർട്ട്‌മെന്റിൽ കയറി നോക്കിയ അയൽവാസികൾ കണ്ടത് വയോധികയുടെ മൃതദേഹം; കൈകാലുകൾ ബന്ധിച്ചു, വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു; ആര്യവൈദ്യ ഫാർമസി സ്ഥാപകന്റെ മകളുടെ കൊലപാതകത്തിന് പിന്നാലെ ഹോം നഴ്‌സിനെ കാണാനില്ല; നിർണായകമായി സിസിടിവി ദൃശ്യം

Update: 2026-03-07 04:21 GMT

കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസി (എവിപി) സ്ഥാപകന്റെ മകളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ (83) നഞ്ചുണ്ടാപുരം റോഡിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകാലുകൾ ബന്ധിച്ച്, വായ പ്ലാസ്റ്റർ ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. കവർച്ചാ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്‌മെന്റിലെ താമസക്കാരിയാണ് കസ്തൂരി.

മകൻ ഡോ. രാംകുമാർകുട്ടിക്കൊപ്പമാണ് കസ്തൂരി താമസിച്ചിരുന്നത്. ഇദ്ദേഹം നിലവിൽ വിദേശയാത്രയിലാണ്. വെള്ളിയാഴ്ച രാവിലെ ടി.വി.എച്ച്. നഗറിൽ താമസിക്കുന്ന മകൾ പലതവണ ഫോണിൽ വിളിച്ചിട്ടും അമ്മയെ കിട്ടാതായതോടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. അവർ എത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ രാമനാഥപുരം പോലീസിൽ വിവരമറിയിച്ചു.

വീട്ടിലെ അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. കസ്തൂരി ധരിച്ചിരുന്ന രണ്ടു പവന്റെ മാല നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പാർട്ട്‌മെന്റിൽ നിന്ന് മറ്റെന്തെങ്കിലും കവർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് പരിശോധന തുടരുകയാണ്. വീട്ടിലെ സഹായിയായ നേപ്പാൾ സ്വദേശിനി സുർജറോക്കിയെ (37) സംഭവത്തിന് ശേഷം കാണാതായിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച രാത്രി 12.15-ന് മൂന്നുപേർ ഫ്ലാറ്റിലെത്തിയതായി കണ്ടെത്തി. സുർജറോക്കി ഇവർക്ക് വാതിൽ തുറന്നു നൽകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അരമണിക്കൂറിനുള്ളിൽ സംഘം മടങ്ങിപ്പോകുകയും ചെയ്തു. ഹോംനഴ്‌സിന്റെ മൊബൈൽ ഫോൺ വീടിന് സമീപത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. 24 മണിക്കൂറും സുരക്ഷാ ജീവനക്കാരുള്ള അപ്പാർട്ട്‌മെന്റിലാണ് അതിക്രൂരമായ ഈ കൊലപാതകം നടന്നത്. ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കേസ് അന്വേഷണത്തിനായി ആറംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

ഭർത്താവ്: പരേതനായ ഗോപാലൻകുട്ടി (മുൻ എ.വി.പി. ഡയറക്ടർ). മക്കൾ: ഡോ. രാംകുമാർകുട്ടി (എ.വി.പി. ഡയറക്ടർ, വേലന്താവളം വൈദ്യഗ്രാമം ആശുപത്രി), സുജാത, സുശീല (മുംബൈ). എ.വി.പി. എം.ഡി.യായിരുന്ന പരേതനായ പി.ആർ. കൃഷ്ണകുമാർ സഹോദരനാണ്. മൃതദേഹം കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം ശനിയാഴ്ച രാവിലെ ഏഴിന് നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ നടക്കും.

Tags:    

Similar News