വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ; ജസീലയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍; ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തത് അയല്‍വാസിയായ ആയിഷയെ; നിര്‍ണായകമായത് മരിക്കുന്നതിന് മുമ്പ് ജസീല തയ്യാറാക്കിയ വീഡിയോ

വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്ത് ആത്മഹത്യ

Update: 2026-03-06 12:09 GMT

കാസര്‍കോട്: വ്യാജ മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍കോട് നാലത്തടുക്കയിലെ ജസീലയുടെ ആത്മഹത്യയിലാണ് പൊവ്വല്‍ സ്വദേശി ആയിഷ അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ആയിഷയെ അറസ്റ്റ് ചെയ്തത്. വിദ്യാനഗര്‍ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്തായിരുന്നു ജസീല ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് മുന്‍പായി തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ ജസീല പകര്‍ത്തിയിരുന്നു. സുഹൃത്തിന്റെ ഉമ്മയുടെ സ്വര്‍ണം കാണാതായെന്നും താന്‍ എടുത്തുവെന്നാണ് അവര്‍ പറയുന്നതെന്നുമായിരുന്നു ജസീല വീഡിയോയില്‍ പറഞ്ഞത്.

താന്‍ അങ്ങനെ ചെയ്തിട്ടില്ല. താന്‍ ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്ക അവര്‍ പറഞ്ഞ് നടക്കുകയാണ്. വീട്ടില്‍ ആര്‍ക്കും ഒരു സമാധാനവുമില്ല. താന്‍ മരിച്ചാല്‍ ഇവര്‍ക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണെന്നും ജസീല വീഡിയോയില്‍ പറഞ്ഞിരുന്നു.

ജസീല നേരിട്ടത് കടുത്ത അപമാനമാണെന്ന് മാതാവ് ആരോപിച്ചിരുന്നു. ഒരു പരാതി എഴുതി വാങ്ങാന്‍ പോലും ആദൂര്‍ പൊലീസ് തയ്യാറായില്ല. മാല നഷ്ടപ്പെട്ടവര്‍ക്കൊപ്പാണ് പൊലീസും ഭര്‍തൃവീട്ടുകാരും നിന്നത്. മാല മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ ഇവിടെ വന്ന് പ്രശ്‌നമുണ്ടാക്കി. മാല മോഷ്ടിച്ചുവെന്ന് നാട്ടിലാകെ പറഞ്ഞുനടന്നുവെന്നും ജസീലയുടെ മാതാവ് പറഞ്ഞിരുന്നു. വ്യാജ മോഷണക്കുറ്റം ആരോപിച്ചതില്‍ മനംനൊന്താണ് ജസീല ആത്മഹത്യ ചെയ്തതെന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്യല്‍ നടന്നതെന്നും കുടുംബം നേരത്തെ പറഞ്ഞിരുന്നു.

ജസീലയെ ഭര്‍ത്താവ് ഫോണിലൂടെ ചീത്ത വിളിച്ചുവെന്നു ഉമ്മ മുംതാസ് പറഞ്ഞു. നിന്നെ എനിക്ക് വേണ്ട എന്നും കുട്ടികളുടെ ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഭര്‍ത്താവിന്റെ വീട്ടുകാരും മാല മോഷണം പോയി എന്ന് പരാതി നല്‍കിയവരും വീട്ടിലെത്തി ബഹളമുണ്ടാക്കി. ജസീലയെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ വനിതാ പൊലീസുകാരുണ്ടായിരുന്നില്ല. രണ്ട് മണി മുതല്‍ അഞ്ചര വരെ പൊലീസ് സ്റ്റേഷനില്‍ വച്ച് ചോദ്യം ചെയ്തു. ഈ സമയം താന്‍ പുറത്തു നില്‍ക്കുകയായിരുന്നു. പരാതി നല്‍കണമെന്ന് ജസീല പറഞ്ഞെങ്കിലും സ്വീകരിക്കാന്‍ പറ്റില്ലെന്ന നിലപാടിലായിരുന്നു പൊലീസെന്നും ആരോപിച്ചിരുന്ു.

ആലംപാടി നാല്‍ത്തടുക്കയിലെ നബീസ ജസീലയാണ് (24) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി 15നാണ് ജസീലയെ എലിവിഷം കഴിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Tags:    

Similar News