വീണ്ടും ദുരഭിമാനക്കൊല; യുപിയില്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപെപടുത്തി; ക്ഷയരോഗം മൂലം മരിച്ചതാണെന്ന് കള്ളം പറഞ്ഞ് മൃതദേഹം രഹസ്യമായി കുഴിച്ച് മൂടി; പരാതിയെ തുടര്‍ന്ന് അന്വേഷണത്തില്‍ തെളിഞ്ഞത് കൊലപാതകം; സംഭവത്തില്‍ ആറ് പേര്‍ പിടിയില്‍
ബാഗ്പത് (ഉത്തര്‍പ്രദേശ്): പ്രണയബന്ധത്തിന്റെ പേരില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് 17 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി ബാഗ്പത് എസ്.പി സൂരജ് റായ് അറിയിച്ചു. ജൂലൈ 12-ന് ഹിമാചല്‍ പ്രദേശിലേക്ക് ഒളിച്ചോടിയ ദളിത് യുവാവും മുസ്ലിം സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് പെണ്‍കുട്ടിയുടെ കുടുംബം ഇരുവരെയും ഗ്രാമത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ജൂലൈ 22-ന് രാത്രിയോടെയാണ് പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ക്ഷയരോഗം മൂലം മരിച്ചതായി വ്യാജ വിശദീകരണം നല്‍കി മൃതദേഹം രഹസ്യമായി പ്രാദേശിക ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. പരാതിയെത്തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതിയോടെ മൃതദേഹം പുറത്തെടുത്ത് രണ്ട് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തപ്പെട്ടു.
ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടിയുടെ അമ്മാവന്‍ നല്‍കിയ മൊഴിയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, സഹോദരന്‍, രണ്ട് പിതൃസഹോദരന്‍മാര്‍, രണ്ട് മാതൃസഹോദരന്‍മാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.