കരിപ്പൂരില്‍ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നത് ആ 'വമ്പന്‍ സ്രാവ്'? ലഹരിക്കേസ് പ്രതിയുടെ വീട്ടില്‍ താമസിച്ച ഉദ്യോഗസ്ഥന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥന്‍; ദുരൂഹതയേറുന്നു
കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവള പരിസരത്ത് നിന്ന് 40 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ കരിപ്പൂര്‍ പോലീസിന്റെ നടപടികള്‍ വന്‍ വിവാദത്തിലേക്ക്. ലഹരിക്കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥനെത്തന്നെ കേസിലെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതാണ് ദുരൂഹതയുണര്‍ത്തുന്നത്. മലപ്പുറം ജില്ലയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സംരക്ഷണം ഈ ഉദ്യോഗസ്ഥന് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ലഹരി മാഫിയയെ സഹായിക്കുന്ന ആ 'വമ്പന്‍ സ്രാവ്' ആരാണെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
മയക്കുമരുന്ന് കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു വിവാദ ഉദ്യോഗസ്ഥന്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. ലഹരി മാഫിയാ ബന്ധമുള്ള വ്യക്തിയുടെ വീട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് തന്നെ സ്‌പെഷ്യല്‍ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ കര്‍ശന നിര്‍ദ്ദേശം അവഗണിച്ച് മാസങ്ങളോളം അദ്ദേഹം അവിടെത്തന്നെ തുടര്‍ന്നു. റെയ്ഡ് നടക്കുന്നതിന് തൊട്ടുപിന്നാലെ മാത്രമാണ് ഇദ്ദേഹം വീടൊഴിഞ്ഞത് എന്നത് ആസൂത്രിതമായ നീക്കമാണെന്ന സംശയം ബലപ്പെടുത്തുന്നു.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സംഘവും നാര്‍കോട്ടിക് ഡി.വൈ.എസ്.പിയും ചേര്‍ന്നാണ് റെയ്ഡ് നടത്തി പ്രതിയെ കുടുക്കിയത്. എന്നാല്‍, പ്രതിയുമായി നേരിട്ട് ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകളുള്ള ഉദ്യോഗസ്ഥന്‍ തന്നെ കേസന്വേഷണത്തിന്റെ ഭാഗമാകുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്ന് ആശങ്കയുണ്ട്. ഹോം സ്റ്റേയുടെ മറവില്‍ പെണ്‍വാണിഭവും മയക്കുമരുന്ന് വില്‍പനയും നടത്തുന്ന സംഘത്തിന് ഈ ഉദ്യോഗസ്ഥന്‍ ഒത്താശ ചെയ്യുന്നതായി പരാതിയുണ്ട്. ഗുരുതരമായ ലഹരി കേസുകള്‍ പിടികൂടിയാലും പ്രതികളെ സഹായിക്കാന്‍ നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് കേസ് ഒതുക്കാന്‍ ഉദ്യോഗസ്ഥന്‍ ഇടപെടാറുണ്ട്.
വിമാനത്താവള പരിസരത്ത് കറന്‍സി വിനിമയവുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരില്‍ നിന്ന് വന്‍തുക കൈപ്പറ്റി കേസ് അട്ടിമറിക്കുന്നതായും ആരോപണമുണ്ട്.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ലഹരി മാഫിയയെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ തണലില്‍ ലഹരി മാഫിയ കരിപ്പൂരില്‍ വിലസുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
