വളപട്ടണം പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് ആണ്‍സുഹൃത്തിനൊപ്പം; നീന്തലറിയാവുന്ന 35കാരിയെ രക്ഷിച്ചത് കപ്പക്കടവിന് സമീപത്തുനിന്നും; കാണാതായ യുവാവിനായുള്ള തിരച്ചിലിനിടെ കണ്ടെത്തിയത് മറ്റൊരു യുവാവിന്റെ മൃതദേഹം; രാജുവിനായി തിരച്ചില്‍ തുടരുന്നു
രാജുവിനായി തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: വളപട്ടണത്ത് യുവതിക്കൊപ്പം പുഴയില്‍ ചാടി കാണാതായ നിര്‍മാണ തൊഴിലാളിയായ യുവാവിനായി തിരച്ചില്‍ നടത്തുന്നിതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കല്‍ വീട്ടില്‍ ഹരീഷിന്റെ (42) മൃതദേഹമാണ് കണ്ടുകിട്ടിയത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം വളപട്ടണം പുഴയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
വീട്ടമ്മയായ കാമുകിക്കൊപ്പം പുഴയില്‍ ചാടിയ പെരിയാട്ടടുക്കത്തെ രാജു (39) വിനെയാണ് കാണാതായത്. കാസര്‍കോട് ബേക്കല്‍ സ്വദേശിയായ യുവതിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. ദേശീയപാതയില്‍ വളപട്ടണം പാലത്തില്‍ നിന്നാണ് ചാടിയതെന്ന് മുപ്പത്തിയഞ്ചുകാരിയായ യുവതി പറഞ്ഞു. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തന്നോടൊപ്പം സുഹൃത്തും ചാടിയതായി യുവതി പറഞ്ഞതനുസരിച്ച് ഇന്നലെ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ പൊലീസ് കോടതിയില്‍ ഹാജരാക്കിയ യുവതി ബന്ധുക്കള്‍ക്കൊപ്പം പോയി. ഞായറാഴ്ചയാണ് യുവതിയെയും രാജുവിനെയും കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബേക്കല്‍ പൊലീസ് വളപട്ടണത്തെത്തി യുവതിയുമായി തിരികെ പോകുകയും ചെയ്തു.
കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് യുവാവും യുവതിയും പുഴയിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതി വിവാഹിതയാണ്. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായി യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ കണ്ടെത്തിയത്.
യുവതിയും യുവാവും പ്രണയത്തിലായിരുന്നു. രാവിലെ മുതല്‍ വിവിധയിടങ്ങളില്‍ ചുറ്റിക്കറങ്ങിയ ശേഷം രാത്രിയോടെ ഇരുവരും പാലത്തില്‍ എത്തുകയായിരുന്നു. ആദ്യം യുവാവും പിന്നീട് യുവതിയും പുഴയിലേക്ക് ചാടി. നീന്തലറിയാവുന്ന യുവതിയെ മീന്‍ പിടിച്ചുകൊണ്ടിരുന്ന സമീപവാസികളാണ് യുവതിയെ രക്ഷപ്പെടുത്തി കരയിലേക്ക് കൊണ്ടുവന്നത്. ഇതിന് പിന്നാലെയാണ് തന്നോടൊപ്പം ഒരാളും കൂടിയുണ്ടെന്ന വിവരം യുവതി പറഞ്ഞത്. പിന്നാലെ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചില്‍ നടത്തുകയായിരുന്നു. രാത്രി മുഴുവന്‍ തെരഞ്ഞെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജുവിനായി (രാജേഷ് 39) ഇന്നും തിരച്ചില്‍ നടത്തുമ്പോഴാണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പാണ് ഹരീഷ് ചെരിപ്പും വസ്ത്രങ്ങളും അഴിച്ചുവച്ച് സുല്‍ക്ക ഷിപ്പ് യാര്‍ഡിന് സമീപം ചാടിയത്. മരപ്പണിക്കാരനായ ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.