അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് മുങ്ങി; അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതാണോ എന്ന് സംശയം; പോലീസ് അന്വേഷണം ആരംഭിച്ചു
ഇടുക്കി: ഉപ്പുതറയില്‍ കാറപകടത്തില്‍ പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലടി സ്വദേശിയായ സുരേഷാണ് അപകടത്തിന് പിന്നാലെ സ്ഥലത്തു നിന്നും ഒളിച്ചോടിയത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.
കാറ് താഴ്ചയിലേക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ഭാര്യക്ക് ഗുരുതര പരിക്കേറ്റിരുന്നു. എന്നാല്‍ സുരേഷ് പരിക്കേറ്റ ഭാര്യയെ അവശ നിലയില്‍ ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. രാവിലെ സ്ഥലത്തെത്തിയ നാട്ടുകാരാണ് കാറിനുള്ളില്‍ കുടുങ്ങി കിടക്കുന്ന സ്ത്രീയെ കണ്ടത്. ഉടന്‍ തന്നെ ഇവരെ പുറത്തെടുത്തു പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സുരേഷും ഭാര്യയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടസമയത്ത് ഭാര്യ സ്റ്റിയറിങ്ങ് പിടിച്ചുനടത്തിയതാണ് അപകടകാരണമെന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാള്‍ മദ്യ ലഹരിയിലായിരുന്ന സാഹചര്യത്തില്‍ മൊഴി സംബന്ധിച്ച് പൊലിസ് സംശയത്തിലാണ്. അപകടത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില മെച്ചപ്പെട്ടതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറെടുക്കുകയാണ്.