സിബിഐയുടെ പേരില്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; സംഗീത സംവിധായകന്‍ ജറി അമല്‍ദേവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടാന്‍ ശ്രമം; രക്ഷപ്പെട്ടത് ബാങ്കിന്റെ സമയോചിത ഇടപെടലില്‍

1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു

By :  Rajeesh
Update: 2024-09-10 08:28 GMT

കൊച്ചി: സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയെടുക്കാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു.

പണം പിന്‍വലിക്കാന്‍ ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.ഡിജിറ്റല്‍ അറസ്റ്റില്‍ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമല്‍ ദേവിനോട് പറഞ്ഞു.തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് ജെറി അമല്‍ദേവ് വ്യക്തമാക്കി.തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി അമല്‍ദേവ് പരാതി നല്‍കി.

സംഭവം ഇങ്ങനെ.. മുംബൈയില്‍ റജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയാണെന്നാണ് ജറി അമല്‍ദേവിനോട് തട്ടിപ്പുസംഘം പറഞ്ഞത്. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചു. ഇതുപ്രകാരം അക്കൗണ്ടിലേക്ക് പണം മാറ്റാനായി ബാങ്കിലെത്തിയ ജെറി അമല്‍ദേവിന്റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ബാങ്ക് അധികൃതര്‍ ഇടപെട്ട് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കുകയും പണം മാറ്റുന്നതില്‍നിന്ന് പിന്‍വലിപ്പിക്കുകയുമായിരുന്നു.

എറണാകുളം നോര്‍ത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.തലനാരിഴയ്ക്കാണ് വന്‍ തട്ടിപ്പില്‍ നിന്നും അദ്ദേഹം രക്ഷപ്പെട്ടത്.ബാങ്കിന്റെ സമയോചിത ഇടപെടല്‍ മൂലമാണ് വലിയ തട്ടിപ്പ് തടയാന്‍ സാധിച്ചത്.തട്ടിപ്പില്‍ നിന്നും രക്ഷപെട്ടത് ഫെഡറല്‍ ബാങ്ക് പച്ചാളം ബ്രാഞ്ച് മാനേജര്‍ സജിന മോള്‍ എസിന്റെ സമയോചിത ഇടപെടല്‍ മൂലമായിരുന്നു.ജെറി അമല്‍ദേവിനെ ഫോണ്‍ കോളില്‍ ഇരുത്തിക്കൊണ്ട് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന് ബാങ്ക് മാനേജര്‍ മാധ്യമങ്ങളോട് വിശദമാക്കി.തട്ടിപ്പുകാര്‍ ആവശ്യപെട്ടത് രണ്ടു ലക്ഷം രൂപ ആയിരുന്നെന്നും.

മുംബൈ ആസ്ഥാനമായ ജനത സേവ എന്ന സ്വകാര്യ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത് എന്നും മാനേജര്‍ പറയുന്നു.തട്ടിപ്പുകാരുമായി കോള്‍ കണക്ട് ആയതുകൊണ്ട് പേപ്പറില്‍ എഴുതിയാണ് ജെറി അമല്‍ദേവിനെ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിച്ചത്. ജെറി അമല്‍ദേവിന് തന്റെ അക്കൗണ്ടില്‍ നിന്ന് പണം ഉടന്‍ തന്നെ മറ്റൊരു കറന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന സന്ദേശം ലഭിച്ചിരുന്നു. തട്ടിപ്പുകാരുമായി ഹെഡ്ഫോണില്‍ സംസാരിച്ചാണ് ജെറി അമല്‍ദേവ് ബ്രാഞ്ച് ഓഫീസിലെത്തിയത്.

ബാങ്ക് മാനേജര്‍ക്ക് പെരുമാറ്റത്തില്‍ സംശയം തോന്നി.ജെറി കോള്‍ വിച്ഛേദിച്ചുകഴിഞ്ഞാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്ന് സജിനമോള്‍ പറഞ്ഞപ്പോള്‍ തനിക്ക് കഴിയില്ലെന്ന് ജെറി പറഞ്ഞു.ഇത് തട്ടിപ്പായിരിക്കുമെന്ന് സജിനമോള്‍ ഒരു പേപ്പറില്‍ എഴുതി. പണം കൈമാറാന്‍ ജെറി തീരുമാനിച്ചു.തട്ടിപ്പുകാര്‍ നല്‍കിയ അക്കൗണ്ട് നമ്പര്‍ പരിശോധിച്ചപ്പോള്‍ മാനേജര്‍ ഞെട്ടി.ഡല്‍ഹി മുഖ്യനഗറിലെ എസ്ബിഐ ശാഖയില്‍ 'ജനത സേവ' എന്ന പേരിലുള്ള അക്കൗണ്ടായിരുന്നു അത്.തുടര്‍ന്ന് സജിന തന്റെ സുഹൃത്തായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ. അനൂപ് ചാക്കോയെ വിവരം അറിയിച്ചു.

വിവരമറിഞ്ഞയുടന്‍ അപകടം മനസ്സിലായ എസ്.ഐ. ഉചിതമായ നടപടി കൈക്കൊള്ളുകയായിരുന്നു.അതേസമയം വര്‍ധിച്ച് വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിര്‍ദ്ദേശം. വ്യത്യസ്തമായ തന്ത്രങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ചെറിയ കാലയളവിലേക്ക് ഉയര്‍ന്ന പലിശ ഈടാക്കി ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. 5,000 മുതല്‍ 10,000 രൂപ വരെയുള്ള ലോണുകള്‍ക്ക് വേണ്ടിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നത്.

ആദ്യം തട്ടിപ്പ് സംഘം ചെയ്യുന്നത്, ഒരു ആപ്പോ, ലിങ്കോ അയച്ചു നല്‍കും. ഈ ആപ്പിലൂടെ മൊബൈല്‍ ഫോണിലുള്ള കോണ്‍ടാക്റ്റ്സ് കവരുകയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ഗ്യാലറി, മെസേജ് ഇവയും സ്വന്തമാക്കും. ലോണ്‍ അനുവദിക്കുന്നതിന് ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഫോട്ടോ എന്നിവയാണ് ആവശ്യപ്പെടുന്നത്. ഇത് ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതുപോലെ ലോണിന് വേണ്ടി പാന്‍ കാര്‍ഡ് നല്‍കി അതുപയോഗിച്ച് കോടികളുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് കേസുണ്ട്.

തട്ടിപ്പു സംഘം നേരിട്ടല്ല ഇത്തരം ലോണുകള്‍ നല്‍കുന്നതെന്ന യാഥാര്‍ത്ഥ്യവും നിലവിലുണ്ട്. ഇതുപോലെ ലോണ്‍ എടുത്തവര്‍ അവര്‍ തിരിച്ചടയ്ക്കുന്ന പലിശ, പുതുതായി അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഇട്ടു കൊടുക്കും. ഇത് ചെയിനായി തുടരും.5,000 രൂപ ലോണെടുക്കുന്നവര്‍ക്ക് 3,500 രൂപയാണ് ലഭിക്കുക. 25,000-വും, 50,000-വും തിരിച്ചടച്ചിട്ടും തീരാത്തവര്‍ നിരവധിയാണ്. തിരിച്ചടവ് വൈകിയാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങുകയായി.

ആദ്യം, മൊബൈലിലുള്ള നമ്പറുകളിലേക്ക് ലോണ്‍ എടുത്തയാളുടെ വിവരങ്ങളടങ്ങിയ ഭീഷണി സന്ദേശം അയക്കും. തുടര്‍ന്ന് മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങളും, തുടര്‍ന്ന് ലോണ്‍ എടുത്തയാളെ കുറ്റവാളിയായി ചിത്രീകരിക്കുന്ന മെസേജും, അയക്കും. ഇതിലൂടെ ലോണ്‍ എടുത്തയാള്‍ മാനസികമായി തകരുകയുമാണ് ചെയ്യുന്നത്. ഇനി ലോണ്‍ അടയ്ക്കാന്‍ കഴിയില്ലെങ്കില്‍ സമാനമായി ലോണ്‍ തരുന്ന ആപ്പുകളെ പരിചയപ്പെടുത്തി നല്‍കുകയും, അതിലൂടെ പുതിയ ലോണ്‍ എടുക്കാന്‍ പ്രേരിപ്പിക്കുകയും, കൂടുതല്‍ ബാധ്യതക്കാരായി തീര്‍ക്കുകയുമാണ് ചെയ്യുന്നത്.

എത്ര തുക അടച്ചാലും ഇത്തരം ലോണ്‍ തീരുന്നതിനുള്ള സാധ്യത കുറവാണ് എന്നതാണ് മറ്റൊരു സംഗതി. വിദേശ നിര്‍മ്മിത ആപ്പുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത് വ്യാജ മൊബൈല്‍ നമ്പറും. +92, +94 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് വാട്‌സ്ആപ്പ് കോളുകളും, മെസേജും വരുന്നത്. പ്രത്യേക ആപ്പുകളിലൂടെയാണ് ഇത്തരം നമ്പറുകള്‍ നിര്‍മ്മിക്കുന്നത്. പാകിസ്താന്‍, ശ്രീലങ്ക തുടങ്ങീ രാജ്യങ്ങളില്‍ നിന്നുള്ളതാണ് ഇതുപോലുള്ള നമ്പറുകള്‍.ഇത്തരം തട്ടിപ്പുകളെ കുറിച്ച് പൊലീസ് നിരന്തരമായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ടെന്നും ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Tags:    

Similar News