'പൊന്നേ, മോളേ എന്നെല്ലാം വിളിച്ച് സ്നേഹ പ്രകടനം; ഓഫീസില്‍ നിന്നും കൂട്ടികൊണ്ടുപോയി; തല ഭിത്തിയില്‍ ഇടിച്ചു; മുഖം അടിച്ചുപൊട്ടിച്ചു; മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയില്‍; ഭര്‍ത്താവ് ഒളിവില്‍; കേസെടുത്ത് പൊലീസ്

Update: 2025-11-12 09:45 GMT

കോട്ടയം: കോട്ടയം കുമാരനെല്ലൂരില്‍ 39കാരിയായ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനം. രമ്യ മോഹനെയാണ് ഭര്‍ത്താവ് ജയന്‍ ശ്രീധരന്‍ അതിക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തില്‍ യുവതിയുടെ മുഖത്ത് ഗുരുതര പരിക്കേറ്റു. മുഖത്തെ എല്ലിനടക്കം പൊട്ടലുണ്ട്. ഗുരുതരമായി പരിക്കേറ്റ യുവതി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. വര്‍ഷങ്ങളായി മര്‍ദ്ദനം പതിവാണെന്നും മൂന്ന് മക്കളെയും ജയന്‍ ഉപദ്രവിക്കുമായിരുന്നുവെന്നും മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും രമ്യ ആരോപിക്കുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ ആയിരുന്നു അതിക്രൂര മര്‍ദനം യുവതി നേരിട്ടത്. ഇതിന് മുന്‍പുള്ള രണ്ടു മൂന്ന് ദിവസം ഭര്‍ത്താവ് വലിയ സ്നേഹ പ്രകടനമാണ് നടത്തിയതെന്ന് രമ്യ മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. പൊന്നേ മോളെ എന്ന് വിളിച്ച് സ്‌നേഹപ്രകടനം നടത്തി ഓഫീസില്‍ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുപോയാണ് മര്‍ദിച്ചത്. മുന്‍പ് കൊടുത്ത പരാതികള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്ന് സമ്മതിക്കണമെന്നു ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോകണം എന്നും പറഞ്ഞാണ് മര്‍ദിച്ചതെന്നും യുവതി പറയുന്നു.

ആക്രമണത്തില്‍ മുഖത്തടക്കം ഗുരുതര പരിക്കേറ്റ യുവതി രണ്ട് ദിവസം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കോട്ടയം വെസ്റ്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം പ്രതിയായ ജയന്‍ ഒളിവിലാണെന്നും ഇയാള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

യുവതി മാധ്യമങ്ങളോട് പറഞ്ഞത്:

'പൊന്നേ, മോളേ എന്നെല്ലാം വിളിച്ചായിരുന്നു സ്നേഹ പ്രകടനം. സംഭവ ദിവസം എന്നെ ഉച്ചയ്ക്ക് ഓഫീസില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം വാങ്ങി തന്നു. വൈകുന്നേരമായപ്പോള്‍ ഓഫീസില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് വിളിച്ചു. വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് മര്‍ദ്ദനം തുടങ്ങിയത്'- രമ്യ മോഹന്‍ പറഞ്ഞു.

'വീട്ടിലെത്തിയ ശേഷം ആദ്യ ചെവിക്കല്ലിന് അടിച്ചു. തലയെല്ലാം ഭിത്തിയിലിട്ട് ഇടിച്ചു. മുഖമെല്ലാം ഇടിച്ചു പൊട്ടിച്ചു. ഇന്നേവരെയുള്ള എല്ലാ കേസുകളും നമ്മള്‍ കെട്ടിച്ചമച്ചതാണ്. അയാള്‍ ഒന്നും ചെയ്തിട്ടില്ല. എല്ലാം നമ്മള്‍ തന്നെ കൃത്രിമമായി സൃഷ്ടിച്ചതാണ്. അത് സമ്മതിപ്പിക്കുന്നു. അതിന് ശേഷം എന്റെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പറഞ്ഞു. കാരണം സ്വത്തിനെല്ലാം അവകാശി നീയാണ്. അതുകൊണ്ട് നീയും നിന്റെ നശിച്ച മക്കളും ഇതിന് അവകാശിയായിട്ട് ഇരിക്കാനും പാടില്ല. അയാളുടെ ജീവിതത്തില്‍ നിന്ന് ഒഴിഞ്ഞുപോകണം. ഒന്നെങ്കില്‍ ഞാന്‍ തൂങ്ങിചാവണം. അല്ലെങ്കില്‍ ഞങ്ങള്‍ നാലുപേരും കൂടി ആത്മഹത്യ ചെയ്യണം.

അയാള്‍ക്ക് ജീവിക്കാനുള്ള വഴി ഉണ്ടാക്കി കൊടുത്തില്ലെങ്കില്‍ കൊല്ലും എന്ന് പറഞ്ഞു. മുന്‍പും സമാനമായി ഉപദ്രവിച്ചിട്ടുണ്ട്. പൊള്ളിച്ചിട്ടുണ്ട്. അന്ന് ഖത്തറിലായിരുന്നു. ഇറങ്ങിയോടാന്‍ കഴിയുന്ന സാഹചര്യമായിരുന്നില്ല. നാട്ടില്‍ വന്നിട്ട് നാലുവര്‍ഷമായി. ഇങ്ങനെ തന്നെയായിരുന്നു ഇയാളുടെ രീതികള്‍. മൂന്ന് പ്രാവശ്യം കേസ് കൊടുത്തു. ഒരു തവണ കൈയും കാലും പിടിച്ച് കരഞ്ഞു നാടകം കളിച്ചപ്പോള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് പലപ്പോഴും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്.'- രമ്യ മോഹന്‍ പറഞ്ഞു.

Tags:    

Similar News