ഫോട്ടോ പോലും കാണാതെ വാട്‌സാപ്പ് ചാറ്റിലൂടെ പ്രണയം; കാത്തിരിപ്പിന് വിരാമമിട്ട് കാമുകിയെ കാണാന്‍ പുത്തന്‍ സ്‌കൂട്ടറിലെത്തി കാമുകന്‍; 24കാരന്‍ വാഷ് റൂമില്‍ പോയ തക്കം നോക്കി സ്‌കൂട്ടറുമായി കടന്ന് യുവതി: കൊച്ചിയില്‍ നടന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലിസ്

വാഷ്‌റൂമില്‍ പോയി വന്ന കാമുകന്റെ സ്‌കൂട്ടറുമായി മുങ്ങി കാമുകി

Update: 2025-11-13 04:07 GMT

കളമശ്ശേരി: വാട്‌സാപ്പ് ചാറ്റിലൂടെ പ്രണയം പൂത്തപ്പോള്‍ കാമുകിയെ കാണാനെത്തിയ കാമുകന്റെ സ്‌കൂട്ടറുമായി കാമുകി കടന്നു കളഞ്ഞു. ഫോട്ടോ പോലും കാണാതെയുള്ള നാളുകള്‍ നീണ്ട പ്രണയത്തിനൊടുവില്‍ കാമുകിയെ കാണാനെത്തിയ യുവാവിനാണ് എട്ടിന്റെ പണി കിട്ടിയത്. കാമുകി പോയെങ്കില്‍ പോട്ടെ, അടിച്ചു കൊണ്ടു പോയ സ്‌കൂട്ടറെങ്കിലും തിരിച്ചുകിട്ടാനുള്ള നെട്ടോട്ടത്തിലാണ് യുവാവ്. 24-കാരനായ കൈപ്പട്ടൂര്‍ സ്വദേശിയായ യുവാവാണ് പ്രണയ തട്ടിപ്പിന് ഇരയായത്. സ്‌കൂട്ടര്‍ നഷ്ടമായ യുവാവ് കളമശ്ശേരി പോലിസില്‍ പരാതി നല്‍കി.

കഴിഞ്ഞ ഒരു മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. വാട്‌സാപ്പ് ചാറ്റിങ്ങിലൂടെ പ്രണയം തളിര്‍ത്തെങ്കിലും ഇരുവരും പരസ്പരം ഫോട്ടോ പോലും കൈമാറിയിരുന്നില്ല. ഒടുവില്‍ ഇരുവരും കൊച്ചിയിലെ മാളില്‍ കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. യുവതി പറഞ്ഞ നിബന്ധനകളെല്ലാം അതേപടി അനുസരിച്ചായിരുന്നു യുവതിയെ കാണാന്‍ 24കാരനെത്തിയത്.

യുവാവ് തന്റെ പുത്തന്‍ സ്‌കൂട്ടറുമായി മാളില്‍ എത്തി പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ വെച്ചു. എന്നാല്‍ താന്‍ വരണമെങ്കില്‍ സ്‌കൂട്ടര്‍ താന്‍ പറയുന്ന സ്ഥലത്ത് വയ്ക്കണമെന്ന് യുവതി നിബന്ധന വെച്ചു. ഇതനുസരിച്ച് യുവതി പറഞ്ഞ കടയ്ക്കുമുന്നിലേക്ക് യുവാവ് സ്‌കൂട്ടര്‍ മാറ്റിവെച്ചു. തുടര്‍ന്ന് ഇരുവരും മാളിലെത്തി കുറേ സമയം ഒന്നിച്ച് ചെലവഴിച്ചു. കാമുകന്റെ ചെലവില്‍ ചിക്കന്‍ ബിരിയാണിയും ഐസ്‌ക്രീമും ഒക്കെ കഴിക്കുകയും ചെയ്തു.

ഭക്ഷണം കഴിഞ്ഞ് യുവാവ് വാഷ്‌റൂമില്‍ പോയി തിരിച്ചു വന്നപ്പോള്‍ യുവതിയെ കാണാനില്ല. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അപ്പോഴാണ് തന്റെ പുത്തന്‍ സ്‌കൂട്ടറിന്റെ താക്കോലും കാണാനില്ലെന്ന കാര്യം യുവാവിന് മനസ്സിലായത്. സ്‌കൂട്ടര്‍ സൂക്ഷിച്ച സ്ഥലത്ത് പാഞ്ഞെത്തിയപ്പോഴേക്കും സംഗതി നഷ്ടമായിരുന്നു. തുടര്‍ന്നാണ് കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Tags:    

Similar News