ട്രാവന്‍കൂര്‍ പാലസില്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് മടി; തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെ പേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍; കൊടകര കേസ് കുറ്റപത്രത്തില്‍ നിറയുന്നത് അവ്യക്തതകള്‍ മാത്രം; പോലീസിന് നല്‍കാത്ത മൊഴി കേന്ദ്ര ഏജന്‍സിയ്ക്ക് ധര്‍മ്മരാജന്‍ നല്‍കിയത് എന്തിന്?

Update: 2025-03-28 04:08 GMT

കൊച്ചി: കൊടകര കള്ളപ്പണക്കേസില്‍ ഇ.ഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്ന ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസ് ദുരൂഹമായി തുടരുന്നു. തന്റെ ഹോട്ടലിനെ കുറിച്ചല്ല ഇഡി പറയുന്നതെന്ന് തുഷാര്‍ വെള്ളാപ്പള്ളി വിശദീകരിച്ചതോടെയാണ് ഇത്. അതിനിടെ പലവിധ അഭ്യൂഹങ്ങള്‍ ട്രാവന്‍കൂര്‍ പാലസിനെ ചൊല്ലി പടരുന്നുണ്ട്. രാജകൊട്ടാരത്തിന്റെ ഭൂമിയാകാം ഇതെന്ന വാദവും സജീവം. ഏതായാലും ആശയക്കുഴപ്പം പരിഹരിക്കാന്‍ ഇ.ഡി ഉദ്യോഗസ്ഥരും തയാറാകുന്നില്ല. കൊടകരയില്‍ കൊള്ളയടിക്കപ്പെട്ട 3.56 കോടി രൂപ ആലപ്പുഴയിലെ ട്രാവന്‍കൂര്‍ പാലസ് വക സ്ഥലം വാങ്ങാന്‍ കേസിലെ കോഴിക്കോട് സ്വദേശി ധര്‍മരാജന്‍ ഡ്രൈവര്‍ ഷാംജീര്‍ കൈവശം കാറില്‍ കൊടുത്തുവിട്ടതാണെന്നാണ് ഇ.ഡി നിലപാട്.

ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ ചേര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന്റെ പേര് ട്രാവന്‍കൂര്‍ പാലസ് എന്നാണ്. എന്നാല്‍, കുറ്റപത്രത്തില്‍ പറയുന്ന ട്രാവന്‍കൂര്‍ പാലസിന്റെ ഉടമസ്ഥന്‍ താനല്ലെന്നാണു തുഷാര്‍ പ്രതികരിച്ചത്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശന്റേതാണ് ഈ ഹോട്ടലെന്ന് ഏവര്‍ക്കും അറിയാം. അതിന്റെ നടത്തിപ്പ് ചുമതലയും അധാരവുമെല്ലാം മകന്‍ തുഷാര്‍ വെള്ളപ്പാള്ളിയുടേതാണ്. ബിജെപിയുടെ സഖ്യകക്ഷിയാണ് ബിഡിജെഎസ്. തിരുവിതാംകൂര്‍ കൊട്ടാരത്തിന്റെപേരില്‍ ആലപ്പുഴയിലുള്ള ഏതെങ്കിലും ഭൂമിയെക്കുറിച്ചാവാം പരാമര്‍ശമെന്ന് തുഷാര്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതെക്കുറിച്ച് തനിക്കറിയില്ല. താനുമായി ബന്ധപ്പെട്ട കാര്യമല്ലാത്തതിനാല്‍ ഇഡി ഇക്കാര്യം തന്നോട് ചോദിച്ചിട്ടുമില്ല -അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയില്‍ രാജകൊട്ടാരത്തിന് കയര്‍ ഫാക്ടറി ഉണ്ട്. ഇത് വില്‍പ്പനയ്ക്കായി വച്ചിരിക്കുകയാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്.

2021 ഏപ്രില്‍ 3നു പുലര്‍ച്ചെയാണു കവര്‍ച്ച നടന്നത്. 7ന് ഇതുസംബന്ധിച്ചു പരാതിപ്പെട്ട ധര്‍മരാജന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ ട്രാവന്‍കൂര്‍ പാലസ് വക സ്ഥലം വാങ്ങാന്‍ കൊണ്ടുപോയ തുകയാണു കവര്‍ച്ച ചെയ്യപ്പെട്ടതെന്നു പറയുന്നില്ല. കേസില്‍ 2022 നവംബര്‍ 15ന് രണ്ടാംഘട്ട കുറ്റപത്രം സമര്‍പ്പിക്കുന്നതു വരെ ധര്‍മരാജന്‍ ഈ വിവരം വെളിപ്പെടുത്തിയിട്ടില്ല. ഇ.ഡി കഴിഞ്ഞ 25ന് പിഎംഎല്‍എ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ട്രാവന്‍കൂര്‍ പാലസ് എത്തുന്നത്. ധര്‍മരാജനും പരസ്യ പ്രതികരണങ്ങള്‍ നടത്താറില്ല. അതുകൊണ്ട് തന്നെ ഈ പാലസിനെ കുറിച്ച് ചര്‍ച്ചയും സജീവം.

കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപിയെ സംരക്ഷിക്കുന്നു എന്നാരോപിച്ച് കൊച്ചിയിലെ ഇ ഡി ആസ്ഥാനത്തേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ച് നടത്തും. പൊലീസ് റിപ്പോര്‍ട്ടിനെ അട്ടിമറിച്ച് ഇ ഡി സമര്‍പ്പിച്ചിരിക്കുന്നത് ബിജെപിയെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ടാണെന്നാണ് സിപിഎം ആരോപണം. കലൂര്‍ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആലപ്പുഴയിലുള്ള വസ്തു വാങ്ങുന്നതിന് ഡ്രൈവര്‍ ഷംജീറിന്റെ പക്കല്‍ ധര്‍മ്മരാജ് കൊടുത്തുവിട്ട 3.56 കോടി രൂപയാണ് കൊടകരയില്‍ വെച്ച് കൊള്ളയടിക്കപ്പെട്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. 23 പ്രതികള്‍ ഉള്ള കേസില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകള്‍ ധര്‍മ്മരാജ് ഹാജരാക്കിയിരുന്നുവെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട്.

കൊണ്ടുവന്നത് ബിജെപിയുടെ പണമല്ലാത്തതിനാല്‍ ഇനി തുടരന്വേഷണം വേണ്ടെന്നുമാണ് ഇ ഡിയുടെ വാദം. എന്നാല്‍ കേസില്‍ ബിജെപി ബന്ധം വ്യക്തമായി വെളിപ്പെടുത്തുന്ന പൊലീസ് റിപ്പോര്‍ട്ട് ബിജെപിയെ രക്ഷിക്കാന്‍ ഇ ഡി അട്ടിമറിച്ചെന്നാണ് സിപിഎം ആരോപിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണ്ണാടകത്തില്‍ നിന്ന് കൊണ്ടുവന്ന കള്ളപ്പണമാണ് തട്ടിയെടുത്തതെന്ന് പൊലീസ് നേരത്തെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസ് കണ്ടെത്തിയ കളവ് മുതലിന് പുറമെ മൂന്ന് ലക്ഷം രൂപയും എട്ട് ലക്ഷം രൂപയുടെ വസ്തുവും കണ്ടുകെട്ടിയതായും ഇ ഡി പറയുന്നുണ്ട്. കോണ്‍ഗ്രസും ഇഡിക്കെതിരെ സജീവമാണ്. പാര്‍ലമെന്റില്‍ അടക്കം കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ചയാക്കി.

കൊടകര കള്ളപ്പണ കേസില്‍ സുതാര്യവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് ബഹളം ഉണ്ടാവുകയും ചെയ്തു. ശൂന്യവേളയില്‍ കോണ്‍ഗ്രസ് അംഗം കൊടിക്കുന്നില്‍ സുരേഷാണ് വിഷയം ഉന്നയിച്ചത്. ബി.ജെ.പിയുടെ കള്ളപ്പണ ശൃംഖലയെ ഇ.ഡി സംരക്ഷിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പാര്‍ട്ടി എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. കൊടകര കേസ് വെറുമൊരു ഹൈവേ കവര്‍ച്ചയല്ലെന്നും കണക്കില്‍ പെടാത്ത 3.5 കോടി ഉള്‍പ്പെട്ട ഹവാല ഓപ്പറേഷനാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തിന് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ ഏല്‍പ്പിക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

ബി.ജെ.പി ബന്ധം വ്യക്തമായിട്ടും വെറും കള്ളപ്പണ ഇടപാടായി ചുരുക്കി ഇ.ഡി മനപൂര്‍വം അന്വേഷണം മരവിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് പ്രസംഗം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയും ചെയ്തു.

Tags:    

Similar News