കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം; പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്; വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല് അടിച്ചു തകര്‍ത്തു സംഘം; ബഹളം കേട്ട് എത്തിയ സമീപവാസികളെയും വിരട്ടി
കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘത്തിന്റെ ആക്രമണം
തിരുവല്ല: തിരുവല്ലയിലെ കുറ്റൂരില്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടുകയറി പതിനഞ്ചംഗ സംഘം നടത്തിയ ആക്രമണത്തില്‍ പഞ്ചായത്ത് അംഗത്തിനും ഭര്‍തൃ സഹോദരന്റെ മകനും പരിക്ക്. കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച മെമ്പറും വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും ആയ മധുക്കുഴിയില്‍ വീട്ടില്‍ അനുപമ രാജന്‍, ഭര്‍തൃ സഹോദര പുത്രന്‍ മിഥുന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീടിന്റെ ജനാല സംഘം അടിച്ച് തകര്‍ത്തു.
തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. രാത്രി എട്ടരയോടെ അനുപമയും മക്കളും സഹോദര പുത്രന്‍ മിഥുനും വീടിന്റെ സിറ്റൗട്ടില്‍ വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ രണ്ടംഗസംഘം ബൈക്കില്‍ എത്തി. തുടര്‍ന്ന് യാതൊരു പ്രകോപനവും ഇല്ലാതെ അസഭ്യം പറഞ്ഞു. മിഥുന്‍ ഇത് ചോദ്യം ചെയ്തതോടെ ഇരുവരും ബൈക്ക് ഓടിച്ചു പോയി. രണ്ടു മിനിറ്റുകള്‍ക്കും സംഘം വീണ്ടും തിരികെയെത്തി വീടിന്റെ മുമ്പില്‍ ബൈക്ക് നിര്‍ത്തി അസഭ്യവര്‍ഷം തുടര്‍ന്ന്.
ഇതിനിടെ സംഘത്തില്‍ ഒരാള്‍ ഫോണില്‍ വിവരം അറിയിച്ചു തന്നെ തുടര്‍ന്ന് കാറിലും ബൈക്കിനുമായി 18 ഓളം പേരടങ്ങുന്ന സംഘം സ്ഥലത്ത് എത്തി. ഇവര്‍ കൂട്ടത്തോടെ വീടിന്റെ സിറ്റൗട്ടിലേക്കും കാര്‍പോര്‍ച്ചും ഇരച്ചു കയറി. മിഥുനെ സംഘം ചവിട്ടി വീഴ്ത്തിയ ശേഷം മര്‍ദ്ദിച്ചു. ഇത് തടയാന്‍ എത്തിയ ഗ്രാമപഞ്ചായത്തംഗം അനുപമയെയും സംഘത്തില്‍ ഒരാള്‍ തൊഴിച്ചു വീഴ്ത്തി. തുടര്‍ന്ന് വീടിന്റെ കാര്‍പോര്‍ച്ചിലെ ജനല്‍ ചില്ല അടിച്ചു പൊട്ടിച്ചു. സംഭവ സമയം രാജന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
ബഹളം കേട്ട് എത്തിയ സമീപവാസികളെയും സംഘം വിരട്ടി. തുടര്‍ന്ന് സംഘം വാഹനങ്ങളില്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. കുറ്റൂര്‍ എട്ടാം വാര്‍ഡില്‍ കല്ലൂക്കുളം സ്വദേശിയായ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത് എന്നും സംഘത്തില്‍ ഉണ്ടായിരുന്നവരെ കണ്ടാല്‍ അറിയാമെന്നും അനുപമ രാജന്‍ പറഞ്ഞു. അനുപമ രാജന്റെയും മിഥുന്റെയും മൊഴി പ്രകാരം കല്ലൂര്‍ക്കുളം സ്വദേശി ജയരാജ് അടക്കം 20 പേര്‍ക്കെതിരെ കേസെടുത്തതായി തിരുവല്ല ഡിവൈഎസ്പി പറഞ്ഞു.
