ലണ്ടനിലെ വീട്ടില്‍ നിന്ന് കള്ളന്‍ കൊണ്ടുപോയത് 100 കോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രങ്ങളും പവിഴങ്ങളും സ്വര്‍ണവും; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 15 കൂടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉടമകള്‍; കൊള്ളക്കാരെ തേടി ബ്രിട്ടീഷ് പോലീസ്

ലണ്ടനിലെ വീട്ടില്‍ നിന്ന് കള്ളന്‍ കൊണ്ടുപോയത് 100 കോടിയിലേറെ രൂപ വിലമതിക്കുന്ന വജ്രങ്ങളും പവിഴങ്ങളും സ്വര്‍ണവും

Update: 2024-12-31 00:44 GMT

ലണ്ടന്‍: ലണ്ടനിലെ തിരക്കേറിയ റോഡിലെ വീട്ടില്‍ നടന്നത് വന്‍ കവര്‍ച്ച. അതിസമ്പന്നര്‍ താമസിക്കുന്ന പ്രൈംറോസ് ഹില്ലിലെ അവെന്യു റോഡിലുള്ള ജ്വല്ലറിയില്‍ നിന്നാണ് മോഷ്ടാക്കള്‍ 100 കോടി രൂപയിലേറെ വിലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ചത്. പല പ്രമുഖ ബ്രാന്‍ഡുകളുടെയും വജ്രം, പവിഴം, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ മോഷണം പോയിട്ടുണ്ട്. ആയുധധാരിയായി എത്തിയവരാണ് മോഷണത്തിന് പിന്നില്‍.

കെട്ടിടത്തിന്റെ രണ്ടാം നിലയിലൂടെ എത്തിയ സംഘം, ആഡംബര ആഭരണങ്ങള്‍ക്ക് പുറമെ ഹെര്‍മെസ് ക്രോക്കൊഡൈല്‍ കെല്ലി ഹാന്‍ഡ്ബാഗുകളും, 15,000 പൗണ്ടിന്റെ പണവും മോഷ്ടിച്ചു. മുപ്പത് വയസ്സില്‍ താഴെ പ്രായമുള്ള വെള്ളക്കാരനായ ഒരു വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഇടത്തരം ശരീര പ്രകൃതിയുള്ള ഇയാള്‍ മോഷണ സമയത്ത് ഇരുണ്ട നിറമുള്ള ഹൂഡിയും കാര്‍ഗോ പാന്റുമാണ് ധരിച്ചിരുന്നതെന്നും സി സി ടി വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ ഡിസംബര്‍ 7 ന് വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവമെന്ന് പോലീസ് പറയുന്നു. മുഖം മൂടിയെത്തിയ ഇയാളുടെ കൈവശം ആയുധവും ഉണ്ടായിരുന്നു. ആ സമയത്ത് വീട്ടില്‍ പക്ഷെ ആരുമുണ്ടായിരുന്നില്ല. സംഭവം നടന്ന ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതിയെ പിടിക്കാനായിട്ടില്ല.

ഇതോടെ, പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അതി സമ്പന്നരായ ഉടമകള്‍. പ്രതിയെ പിടികൂടാന്‍ സഹായകമായ വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം പൗണ്ട് ഉള്‍പ്പടെ മൊത്തം 15 ലക്ഷം പൗണ്ട് പാരിതോഷികമാണ് ഇവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൂടാതെ, വീണ്ടെടുക്കുന്ന മോഷണ വസ്തുക്കളുടെ പത്ത് ശതമാനവും നല്‍കാമെന്ന് അവര്‍ പറയുന്നു.

Tags:    

Similar News