എടിഎമ്മിൽ നിന്ന് കാശ് എടുക്കാൻ സഹായം ആവശ്യപ്പെട്ടു; പിൻ നമ്പർ മനസ്സിലാക്കി; ശേഷം ഡമ്മി കാർഡ് നൽകി വയോധികയെ പറ്റിച്ചു; പിടിയിലായത് തോട്ട തൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്നയാൾ; പോലീസ് കണ്ടെടുത്തത് 44 എടിഎം കാർഡുകൾ
കോയമ്പത്തൂർ: എടിഎം കാർഡ് ഉപയോഗിച്ച് പണം എടുക്കാൻ അറിയാത്തവരെ കബളിപ്പിച്ച് പണം തട്ടുന്ന പ്രതി പിടിയിൽ. വാൽപ്പാറയിൽ തേയില തോട്ടതൊഴിലാളികളെ കബളിപ്പിച്ച് പണം തട്ടുന്നത് ഇയാൾ പതിവാക്കിയിരുന്നു. 44 എടിഎം കാർഡുകളാണ് ഇയാളുടെ കയ്യിൽ നിന്ന് പോലീസ് പിടികൂടിയത്. എറണാകുളം പോലീസ് സ്റ്റേഷനിൽ ഇയാളുടെ പേരിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലാകുന്നത്. എടിഎം വഴി പണം എടുക്കാനറിയാത്ത വൃദ്ധയെയാണ് നജീബ് കഴിഞ്ഞ ദിവസം കബളിപ്പിച്ചത്. കാശ് എടുക്കാൻ നജീബിനോട് സഹായം ചോദിച്ച വൃദ്ധയുടെ പിൻ നമ്പർ പ്രതി മനസ്സിലാക്കി. ശേഷം ഡമ്മി കാർഡ് നൽകി വൃദ്ധയെ ഇയാൾ തിരിച്ചയക്കുകയായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴായിരുന്നു താൻ കബളിപ്പിക്കപ്പെട്ടതായി ഇവർ തിരിച്ചറിയുന്നത്.
തിരികെ വീട്ടിൽ എത്തിയപ്പോൾ 9000 രൂപ പിൻവലിച്ചതായി ഫോണിൽ മെസ്സേജ് വന്നു. ചതി പറ്റി എന്ന് മനസ്സിലാക്കിയത് ഇവർ ഉടനെ തന്നെ പോലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നജീബ് പിടിയിലായി.
വാൽപ്പാറ ഡിഎസ്പി ശ്രീനിധിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ നജീബിനെ പോലീസ് വലയിലാക്കിയത്. ഇയാളുടെ കയ്യിൽ നിന്ന് 44 എടിഎം കാർഡുകൾ പിടിച്ചെടുത്തു. വാൽപ്പാറ തേയില തോട്ട തൊഴിലാളികൾക്ക് ശമ്പളം കിട്ടുന്ന ദിവസം ഇയാൾ വാൽപ്പാറയിൽ എത്തും. പണം എടുക്കാൻ അറിയാത്തവർക്ക് പണം എടുത്തു കൊടുക്കുന്ന വ്യാജേനെ എടിഎം കാർഡ് മാറ്റി ഡമ്മി കാർഡ് നൽകി കബളിപ്പിക്കുന്നതായിരുന്നു ഇയാളുടെ രീതി.