പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ മൃതദേഹം; കാറിനുള്ളില്‍ രക്തക്കറ; പിന്‍ ഡോര്‍ തുറന്ന നിലയില്‍; മരണത്തില്‍ ദുരൂഹത; ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
ഏലപ്പാറ: വാഗമണ്‍ റോഡില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈന്‍ (36) ആണ് ഞായറാഴ്ച പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമുള്ള റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
മത്സ്യവ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ഷക്കീര്‍ ഹുസൈന്‍ രാത്രി മുതല്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് വാഹനം കണ്ടെത്തുകയും പൊലീസിനെ വിവരം അറിയിക്കുകയുമുണ്ടായത്. സംഭവസ്ഥലത്ത് ഉടന്‍ എത്തിയ പീരുമേട് ഡിവൈഎസ്പിയും സംഘവും സ്ഥലപരിശോധന നടത്തി.
കാറിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതായും ദൃക്‌സാക്ഷികള്‍ കാറിന്റെ പിന്‍ ഡോര്‍ തുറന്ന നിലയില്‍ കാണിച്ചതായും പൊലിസ് സ്ഥിരീകരിച്ചു. അതേസമയം, മരണകാരണം വ്യക്തമായിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണത്തിന്റെയും പരിക്കുകളുടെ സ്വഭാവത്തിന്റെയും കൃത്യമായ വിശദീകരണം ലഭിക്കുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. ഷക്കീര്‍ ഹുസൈനിന്റെ പിതാവ് ശാഹുല്‍ ഹമീദ്.