കുഞ്ഞാടുകളെ പറഞ്ഞു പറ്റിച്ച് ദുബായ് ജോലി വാഗ്ദാനത്തില്‍ ഒരോരുത്തരില്‍ നിന്നും വാങ്ങിയത് ഒന്നരലക്ഷത്തില്‍ അധികം; പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്നവരില്‍ തിന്നും തട്ടിയെടുത്തത് അരക്കോടി; പരാതിയുമായി പോലീസിന് മുന്നിലെത്തിയത് രണ്ടു പേര്‍; മാനത്തോട്ടം സി എസ് ഐ പള്ളിയില്‍ വഞ്ചന; വൈദികനായ യേശുദാസന്‍ ഒളിവ് സുഖവാസത്തില്‍

Update: 2025-04-29 07:23 GMT

തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയ കേസിലെ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പോലീസ്. പണം കൈപ്പറ്റി 45 ദിവസത്തിനകം ജോലി തരപ്പെടുത്തി നല്‍കാമെന്നായിരുന്നു വാഗ്ദാനം. മാനത്തോട്ടം സിഎസ്‌ഐ പള്ളിയിലെ വൈദികനായ യേശുദാസ്, ശരത് ദാസ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയില്‍ വെള്ളറട പൊലീസാണ് കേസെടുത്തിരിക്കുന്നത്. പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ നിരവധി പേരില്‍ നിന്നും പ്രതികള്‍ വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്നാണ് സൂചന. 1,65,000 രൂപയാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്നും തട്ടിയത്. പ്രതികള്‍ ഒളിവിലാണ്.

വൈദികനെതിരെ നടപടി സ്വീകരിച്ചതായി സിഎസ്‌ഐ സഭാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളറട നെയ്യാറ്റിന്‍ക്കര സ്റ്റേഷനുകളില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. ദുബായില്‍ മികച്ച വേതനം ലഭിക്കുന്ന ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് പ്രതികള്‍ പരാതിക്കാരനെ സമീപിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ ശരത് ദാസിനെ വൈദികനാണ് പരാതിക്കാരന് പരിചയപ്പെടുത്തുന്നത്. ശരത് ദുബായിലെ ഒരു ഷിപ്പ്യാര്‍ഡില്‍ ഉയര്‍ന്ന ജോലി നോക്കുന്ന ആളാണെന്ന് വൈദികന്‍ പരാതിക്കാരനെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ഇത്തരത്തില്‍ പള്ളിയില്‍ പ്രാര്‍ത്ഥനക്കായി എത്തിയ നിരവധി വിശ്വാസികളെയാണ് പ്രതികള്‍ തട്ടിപ്പിനിരയാക്കിയത്. കുറച്ച് കാലങ്ങളായി യേശുദാസ് മാനത്തോട്ടം പള്ളിയില്‍ വൈദികനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഈ കാലയളവില്‍ പ്രാര്‍ത്ഥനക്കെത്തിയവരുമായി നല്ല സൗഹൃദം ഉണ്ടാക്കാന്‍ വൈദികനായ്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. പണം നല്‍കിയാല്‍ 45 ദിവസത്തിനകം ദുബായില്‍ ജോലിക്കായി വിളിക്കുമെന്നാണ് ഉറപ്പ് നല്‍കിയത്. തുടര്‍ന്ന് കരാറില്‍ ഒപ്പിട്ട് പരാതിക്കാരനില്‍ നിന്നും പ്രതികള്‍ പണം കൈപ്പറ്റുകയായിരുന്നു. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ ജോലി ലഭിക്കാതായതോടെ പരാതിക്കാരന്‍ വൈദികനെ സമീപിക്കുകയും, പണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ് വൈദികന്‍ ഒഴിഞ്ഞു മാറുകയായിരുന്നു. ഇന്റര്‍വ്യൂ സമയം ആയിട്ടില്ലെന്നും, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയാണെന്നും ഒക്കെ പറഞ്ഞ് ഇയാള്‍ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നു. വാഗ്ദാനം നല്‍കിയ ജോലിയും, വാങ്ങിയ പണമോ ലഭിക്കാതായതോടെ പരാതിക്കാര്‍ പള്ളിയില്‍ പ്രതിഷേധവുമായെത്തി. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസെടുത്തതോടെ വൈദികന്‍ സ്ഥലം വിട്ടു. കേസെടുത്ത് നാല് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. സമാന രീതിയില്‍ 23ഓളം പേരെ പ്രതികള്‍ തട്ടിപ്പിനിരയാക്കിയതായാണ് സൂചന.

വൈദികനെതിരെ മുന്‍പും പല പരാതികള്‍ ഉയര്‍ന്നു വന്നിരുന്നതായും, അന്വേഷണവിധേയമായി വൈദിക സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയിരുന്നതായും പരാതിക്കാരന്‍ പറയുന്നു. ഭാരതീയ ന്യായ സംഹിതയിലെ 318 (4), 3 (5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ ഒളിവില്‍ പോവുകയായിരുന്നു. കേസെടുത്ത് ഒരാഴ്ച്ച പിന്നിടുമ്പോഴും പ്രതികളെ പിടികൂടാന്‍ പോലീസിനായിട്ടില്ല. വൈദികനുള്ള ഉന്നത തല ബന്ധങ്ങള്‍ ഉപയോഗിച്ച് കേസ് ഒത്ത് തീര്‍ക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വിഐപി പരിഗണനയില്‍ പള്ളിക്ക് അടുത്ത് തന്നെ ഇവര്‍ ഒളിവില്‍ ഉണ്ടെന്നാണ് സൂചന. എന്നാല്‍ പോലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നാണ് പരാതിക്കാരുടെ വാദം.

Similar News