ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ കുട്ടികള്‍ കാണാതെ മുറിയില്‍ കയറി ഒളിച്ചിരുന്നു; ഒരു വയസുകാരന്റെ വായ പൊത്തിപ്പിടിച്ച് 14 വയസുള്ള സഹോദരിയെ കൂട്ട ബലാല്‍സംഗം ചെയ്തു; തിരുവല്ലയെ നടുക്കിയ പീഡനക്കേസിലെ പ്രതികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍; പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം

പതിനാലുകാരിയെ കൂട്ടബലാല്‍സംഗം നടത്തിയ അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍

Update: 2025-11-18 14:35 GMT

തിരുവല്ല: മാതാപിതാക്കള്‍ ജോലിക്ക് പോയ സമയംനോക്കി വീട്ടില്‍ അതിക്രമിച്ചു കടന്ന് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ കൂട്ടബലാല്‍സംഗം നടത്തിയ അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ മാല്‍ഡ ജില്ലയിലെ ഗംഗാരാംപുര്‍ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22)എന്നിവരാണ് അറസ്റ്റിലായത്. ഒരു വയസുള്ള ഇളയ സഹോദരന്റെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പെണ്‍കുട്ടിക്ക് നേരെ ഇവര്‍ ക്രൂരമായ ലൈംഗിക ആക്രമണം നടത്തിയത്. അതിജീവിതയും പശ്ചിമബംഗാള്‍ സ്വദേശിയാണ്. തിരുവല്ല കുറ്റൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ അവിടെ എത്തിയത്. രണ്ടു പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.

ഗോത്ര ഭാഷ മാത്രം അറിയാവുന്ന കുട്ടികള്‍ വീട്ടില്‍ തനിച്ചായിരുന്നു. റോഡില്‍ ഉണക്കാനിട്ടിരുന്ന തുണികള്‍ എടുക്കാനായി കുട്ടികള്‍ പുറത്തിറങ്ങിയ തക്കം നോക്കി പ്രതികള്‍ മുറിയില്‍ കയറി ഒളിച്ചിരുന്നു. ഇവര്‍ തിരികെയെത്തി വാതിലടച്ച് ഉറങ്ങാന്‍ കിടന്ന സമയത്താണ് ഉപദ്രവം നടന്നത്. ബാലിക ധരിച്ചിരുന്ന വസ്തം വലിച്ചു കീറിക്കളഞ്ഞിട്ടായിരുന്നു ലൈംഗിക പീഡനം. പേടിച്ച് നിലവിളിച്ച ഇളയകുട്ടിയുടെ വായ പ്രതികളിലൊരാള്‍ പൊത്തിപ്പിടിച്ചു. പുറത്തിറങ്ങിയോടിയ കുട്ടികള്‍ അയല്‍ക്കാരെ വിവരമറിയിച്ചു. ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പ്രതികളെ മുറിയിലിട്ട് പൂട്ടുകയായിരുന്നു.

വിവരമറിഞ്ഞ് പോലീസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണയിലാക്കി. കൂട്ടബലാല്‍സംഗത്തിന് കേസെടുത്തതിനാല്‍ അന്വേഷണം ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍ ഏറ്റെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Tags:    

Similar News