'ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസം; കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു'; മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി; വെറുതെ വിടുന്നതില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരും

മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കി

Update: 2025-07-21 07:36 GMT

മുംബൈ: രാജ്യത്തെ നടുക്കിയ 2006 ജൂലൈ 11ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട 12 പ്രതികളെയും ബോംബെ ഹൈക്കോടതി വിട്ടയച്ചു. അഞ്ചു പേര്‍ക്ക് വധശിക്ഷയും ഏഴു പേര്‍ക്ക് ജീവപര്യന്തവും നല്‍കിയ വിചാരണക്കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. പ്രതികള്‍ക്കെതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. ആറു മലയാളികള്‍ ഉള്‍പ്പെടെ 180 പേരുടെ മരണത്തിന് കാരണമായ സ്‌ഫോടന പരമ്പരയില്‍ എഴുന്നൂറിലേറെപ്പേര്‍ക്കാണു പരുക്കേറ്റത്.

നഗരത്തിലെ റെയില്‍വേ ശൃംഖലയെ പിടിച്ചുകുലുക്കിയ ആറ് മലയാളികള്‍ ഉള്‍പ്പെടെ 180-ലധികം പേരുടെ മരണത്തിനും എഴുനൂറിലേറെ പേരുടെ പരിക്കിനും ഇടയാക്കുകയും ചെയ്ത ഭീകരാക്രമണത്തിന് 19 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷന്‍ തെളിവുകള്‍ പര്യാപ്തമായിരുന്നില്ലെന്ന് ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഹൈക്കോടതി പ്രത്യേക ബെഞ്ച് പറഞ്ഞു.

'പ്രതികള്‍ക്കെതിരെ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. പ്രതികളാണ് ഈ കുറ്റം ചെയ്തതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവരുടെ ശിക്ഷ റദ്ദാക്കുന്നു.' ഹൈക്കോടതി പറഞ്ഞു. വിചാരണ കോടതി അഞ്ച് പേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. എന്നാല്‍, ഇത് ശരിവെക്കാന്‍ വിസമ്മതിച്ച പ്രത്യേക ബെഞ്ച് എല്ലാവരെയും വെറുതെവിട്ടു. മറ്റ് കേസുകളില്‍ പ്രതിയല്ലെങ്കില്‍, ഇവരെ ഉടന്‍ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നും കോടതി പറഞ്ഞു.

2015 സെപ്റ്റംബര്‍ 30ന് മഹാരാഷ്ട്രയിലെ വിചാരണ കോടതി 12 പ്രതികളെയും കുറ്റക്കാരായി കണ്ടെത്തി അഞ്ചു പേര്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമാല്‍ അന്‍സാരി, എഹ്തെഷാം സിദ്ദുഖി, നവീദ് ഖാന്‍ എന്നിവര്‍ക്കായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.. ഗൂഢാലോചനയില്‍ പങ്കാളികളായ മറ്റ് ഏഴ് പ്രതികളായ മുഹമ്മദ് സാജിദ് അന്‍സാരി, മുഹമ്മദ് അലി, ഡോ. തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മില്‍ ഷെയ്ഖ്, സൊഹൈല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചിരുന്നു.

ഈ പ്രതികളെയാണ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. ''ഇവര്‍ കുറ്റം ചെയ്‌തെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതുകൊണ്ട് ശിക്ഷാവിധി റദ്ദാക്കുന്നു. ഇവര്‍ക്കെതിരെ മറ്റു കേസുകള്‍ ഇല്ലെങ്കില്‍ ജയില്‍മോചിതരാക്കണം. പ്രോസിക്യൂഷന് തെളിയിക്കാനാകാത്തതിനാല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണു വിട്ടയയ്ക്കുന്നത്. അന്വേഷണത്തില്‍ കണ്ടെത്തിയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഭൂപടങ്ങളും ലോക്കല്‍ ട്രെയിനിലെ സ്‌ഫോടനവുമായി ബന്ധമില്ലാത്തതാണ്. സ്‌ഫോടനത്തില്‍ ഉപയോഗിച്ച ബോംബുകള്‍ ഏതെന്നു തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല'' കോടതി പറഞ്ഞു.

11 മിനിറ്റിനുള്ളില്‍ ഏഴു ബോംബുകളാണ് മുംബൈയിലെ വിവിധ ലോക്കല്‍ ട്രെയിനുകളിലായി പൊട്ടിത്തെറിച്ചത്. പ്രഷര്‍ കുക്കറുകളിലാണ് ബോംബുകള്‍ വച്ചിരുന്നത്. ആദ്യത്തേത് 6.24നും അവസാനത്തേത് 6.35നുമാണ് പൊട്ടിത്തെറിച്ചത്. ലോക്കല്‍ ട്രെയിനുകളിലെ ഏറ്റവും തിരക്കേറിയ സമയമായിരുന്നു അത്. ചര്‍ച്ച്‌ഗേറ്റില്‍നിന്നുള്ള ട്രെയിനുകളിലെ ഫസ്റ്റ്ക്ലാസ് കംപാര്‍ട്‌മെന്റുകളിലായിരുന്നു സ്‌ഫോടകവസ്തുക്കള്‍ വച്ചത്. മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷന്‍, ബാന്ദ്ര, ഖാര്‍ റോഡ്, ജോഗേശ്വരി, ഭയാന്‍ഡര്‍, ബോറിവാലി എന്നീ സ്റ്റേഷനുകള്‍ക്കു സമീപമായാണ് സ്‌ഫോടനങ്ങളുണ്ടായത്.

Tags:    

Similar News