കടയില്‍ സാധനം വാങ്ങാനെത്തിയ പത്തു വയസ്സുകാരികളെ പീഡിപ്പിച്ച കേസ്; വയോധികനായ പ്രതിയെ കോടതിയിലെത്തിച്ചത് ആംബുലന്‍സില്‍: 73കാരന് പതിമൂന്ന് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
10 വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചു; വയോധികനായ പ്രതിയെ കോടതിയിൽ എത്തിച്ചത് ആംബുലൻസിൽ
തിരുവനന്തപുരം: സാധനം വാങ്ങാന്‍ കടയിലെത്തിയ പത്തു വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസുകളില്‍ വയോധികനായ പ്രതിക്ക് പതിമൂന്ന് വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മുടവന്‍മുകള്‍ കുന്നുംപുറത്തു വീട്ടില്‍ വിജയനെ (73) യാണ് തിരുവനന്തപുരം അതിവേഗ സ്പെഷല്‍ കോടതി ജഡ്ജി അഞ്ചു മീര ബിര്‍ള ശിക്ഷിച്ചത്. രണ്ടു കേസുകളിലായാണ് പ്രതിക്ക് കഠിന തടവ് വിധിച്ചത്.
പിഴത്തുക അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പിഴത്തുകയും ലീഗല്‍ സര്‍വീസ് അതോറിട്ടി നഷ്ടപരിഹാരവും കുട്ടിക്ക് നല്‍കണം. 2021-2022 കാലഘട്ടത്തില്‍ നടന്ന പീഡന കേസിലാണ് ശിക്ഷ. രോഗബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലന്‍സിലാണ് കോടതിയില്‍ എത്തിച്ചത്. ആംബുലന്‍സും വൈദ്യസഹായവും നല്‍കി പ്രതിയെ ഹാജരാക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
മുടവന്‍മുകളില്‍ പലവ്യഞ്ജനകട നടത്തിവരുകയായിരുന്ന പ്രതി 2021-2022 കാലത്ത് കടയില്‍ സാധനം വാങ്ങാന്‍ എത്തിയ പത്തു വയസ്സുകാരികളായ രണ്ട് കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു. ഭയന്ന പെണ്‍കുട്ടികള്‍ വീട്ടുകാരോട് കാര്യം പറഞ്ഞില്ല. കടയില്‍ വീണ്ടും സാധനങ്ങള്‍ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ആണ് കുട്ടികള്‍ പരസ്പരം ഇതു പറഞ്ഞത്. അപ്പോഴാണ് രണ്ടുപേരും പീഡിപ്പിക്കപ്പെട്ടതായി അറിഞ്ഞത്.
ഒരു കുട്ടി ബന്ധുവിനോട് സംഭവം വെളിപ്പെടുത്തി. പീഡന വിവരം അറിഞ്ഞ കുട്ടികളുടെ ബന്ധുക്കള്‍ ചേര്‍ന്ന് പ്രതിയെ മര്‍ദിച്ചിരുന്നു. പ്രതി ഇവര്‍ക്കെതിരെ കേസ് കൊടുത്തു. ഇതിന്റെ വിരോധത്തിലാണ് പീഡനക്കേസ് നല്‍കിയതെന്നു പ്രതിഭാഗം ആരോപിച്ചെങ്കിലും കോടതി പരിഗണിച്ചില്ല. തന്റെ മകളെ പീഡിപ്പിച്ചതുകൊണ്ടാണ് പ്രതിയെ മര്‍ദിച്ചതെന്ന് സാക്ഷിയായ അച്ഛന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.