ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ അറസ്റ്റില്‍; ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയും മഹസറില്‍ ക്രമക്കേട് കാട്ടിയും പോറ്റിക്ക് സ്വര്‍ണം കവരാന്‍ അവസരമൊരുക്കിയത് സുധീഷ് കുമാര്‍; പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയതും ഇയാള്‍; ഇടനിലക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ അറസ്റ്റില്‍

Update: 2025-11-01 02:07 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍. ഇന്നലെ വൈകിട്ട് മുതല്‍ തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും. അതേസമയം പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്ത് വിട്ടയച്ചു.

ദ്വാരപാലക ശില്പങ്ങളിലേത് ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയും മഹസറില്‍ ക്രമക്കേട് കാട്ടിയും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം കവരാന്‍ അവസരമൊരുക്കിയതില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതനുസരിച്ചാണ് അറസ്റ്റ് നടപടികള്‍ ഉണ്ടായിരിക്കുന്നത്. എസ് പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

2019ല്‍ ദ്വാരപാലക ശില്പങ്ങളിലെ പാളികള്‍ സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറുമ്പോള്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആയിരുന്നു സുധീഷ് കുമാര്‍. ചെമ്പ് പാളികള്‍ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാര്‍ പോറ്റിയെ സ്‌പോണ്‍സര്‍ ആക്കാമെന്ന ശുപാര്‍ശ ബോര്‍ഡിന് നല്‍കിയത്. സ്വര്‍ണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും, പാളികള്‍ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി എന്നതാണ് സുധീഷ് കുമാറിന്റെ വീഴ്ച്ച. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റി അല്ലാതിരുന്നിട്ടും മഹസറില്‍ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാറായിരുന്നു. സ്വര്‍ണം കവരാന്‍ മുരാരി ബാബുവിനൊപ്പം ചേര്‍ന്ന് സഹായം ചെയ്‌തെന്നാണ് നിഗമനം.

ശബരിമലയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സുധീഷിന് 1998ല്‍ ദ്വാരപാലകശില്‍പത്തിന്റെ പാളികള്‍ സ്വര്‍ണം പൂശിയത് അറിയാമായിരുന്നുവെന്നും എന്നാല്‍ ചെമ്പുപാളികള്‍ എന്നാണു രേഖപ്പെടുത്തി നല്‍കിയതെന്നുമാണ് വിജിലന്‍സ് കണ്ടെത്തിയിരുന്നത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി സ്വര്‍ണം കൊണ്ടുപോയ സമയത്ത് അശ്രദ്ധമായാണ് മഹസര്‍ തയാറാക്കിയതെന്നും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സഹായികളുടെ കൈയിലാണ് സ്വര്‍ണം കൊടുത്തുവിട്ടതെന്നും കണ്ടെത്തല്‍ ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സുധീഷിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.

ഇതിനിടെ, പോറ്റിയുടെ സുഹൃത്ത് സി കെ വാസുദേവനെയും ചോദ്യം ചെയ്യാനായി എസ്ഐടി വിളിച്ചുവരുത്തിയിരുന്നു. കാണാതായ സ്വര്‍ണപീഠം സൂക്ഷിച്ചത് വാസുദേവനാണ്. ശബരിമലയിലെ സ്പോണ്‍സര്‍മാരുടെ പട്ടികയില്‍ വാസുദേവനുമുണ്ടായിരുന്നു. നിലവിലെ തിരുവാഭരണം കമ്മീഷണറായ രജിലാലിനെയും എസ്ഐടി വിളിച്ചുവരുത്തിയിരുന്നു. ഈ വര്‍ഷം പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ത്തത് രജിലാലായിരുന്നു. വാസുദേവനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയാണ് ഉണ്ടായത്.

അതിനിടെ 1998ല്‍ ശബരിമലയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട രേഖകള്‍ ദേവസ്വം ആസ്ഥാനത്തുനിന്ന് എസ്ഐടി പിടിച്ചെടുത്തു. വിജയ് മല്യ നല്‍കിയ സ്വര്‍ണം ഏതൊക്കെ രീതിയില്‍ എത്ര അളവിലാണ് ഉപയോഗിച്ചതെന്നതുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകളാണ് സംഘത്തിനു ലഭിച്ചത്. രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും ഇതു ലഭ്യമല്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥരില്‍നിന്നു ലഭിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് എസ്ഐടി വിശദമായ പരിശോധന നടത്തി രേഖകള്‍ കണ്ടെടുത്തത്. ദ്വാരപാലക ശില്പങ്ങളില്‍ എത്ര അളവില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ട് എന്നടക്കമുള്ള വ്യക്തമായ വിവരങ്ങള്‍ ഇതോടെ എസ്ഐടിക്കു ലഭിക്കും.

Tags:    

Similar News