ഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന്‍ തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍

പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍

Update: 2025-10-31 15:51 GMT

പത്തനംതിട്ട: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് (മ്യൂള്‍)വഴി പണം തട്ടിയെടുത്തതിന് രണ്ടു പേര്‍ അറസ്റ്റില്‍. കോയിപ്രം, റാന്നി സ്റ്റേഷനുകളിലാണ് അറസ്റ്റ്.

പെരുമ്പെട്ടി വലിയകുളം പാണ്ട്യത്ത് വീട്ടില്‍ ആര്യ ആനി സ്‌കറിയ (23)യെ ആണ് കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. തടിയൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സൈബര്‍ തട്ടിപ്പു കുറ്റകൃത്യങ്ങളിലെ കണ്ണിയായി പ്രവര്‍ത്തിച്ച് പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികള്‍ക്ക് അയച്ച് കൊടുക്കുകയും അതിന് കമ്മിഷന്‍ തുക കൈപ്പറ്റുകയും ചെയ്തു.

ഡിജിറ്റല്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടുന്ന സംഘങ്ങളെയും സഹായികളെയും പിടികൂടാന്‍ ജില്ലാ വ്യാപകമായി ജില്ലാപോലീസ് മേധാവി ആര്‍. ആനന്ദിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡിന്റെ ഭാഗമായിട്ടാണ് ഇവര്‍ പിടിയിലായത്. കോയിപ്രം എസ്.ഐ ആര്‍. രാജീവാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ എസ്.ഐ വിഷ്ണുരാജ്, എസ്.സി.പി.ഒ ഷബാന, സി.പി.ഓമാരായ അനന്തു, അരവിന്ദ് എന്നിവരും പങ്കാളികളായി.

റാന്നി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പഴവങ്ങാടി ഐത്തല എന്ന സ്ഥലത്ത് പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സരിന്‍ പി സാബു (27) ആണ് മ്യൂള്‍ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസില്‍ പിടിയിലായ മറ്റൊരാള്‍. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയിലെ അക്കൗണ്ട് ഉപയോഗിച്ച് സംഘടിത സാമ്പത്തിക കുറ്റവാളി സംഘത്തില്‍ അംഗമായി പലരുടെ അക്കൗണ്ടില്‍ നിന്നും പണം സ്വരൂപിച്ച് പ്രതിയുടെ അക്കൗണ്ടില്‍ സൂക്ഷിച്ച ശേഷം പിന്‍വലിക്കുകയായിരുന്നു. 85,000 രൂപയോളമാണ് പിന്‍വലിച്ചത്. എസ്.എച്ച്.ഓ ആര്‍. മനോജ് കുമാര്‍ ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റെയ്ഡില്‍ എസ്.ഐ കവിരാജ്, എ.എസ്.ഐ ബിജുമാത്യു, സി.പി.ഒ നിതിന്‍ എന്നിവരും പങ്കാളികളായി.

Tags:    

Similar News