ചെടിച്ചട്ടി വെക്കാൻ എടുത്ത കുഴി വലുതാക്കി; ഭാര്യയെ കൊന്ന് കുഴിച്ചുമൂടി; പിന്നാലെ പോലീസിനൊപ്പം ചേർന്ന് തിരച്ചിൽ നാടകം; സിവിൽ കോൺട്രാക്റ്ററുടെ ക്രൂരത പുറത്തായത് കാർ ഡ്രൈവർ നൽകിയ ഒരൊറ്റ സൂചനയിൽ; ആ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ

Update: 2026-02-19 10:57 GMT

വിജയപുര: കർണാടകയിലെ വിജയപുരയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കർണാടകയിലെ ദേവര ഹിപ്പരഗിയിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരകൃത്യം നടന്നത്. 44 വയസ്സുകാരിയായ സരോജിനി പ്രഭുവാണ് കൊല്ലപ്പെട്ടത്. സിവിൽ കോൺട്രാക്റ്ററായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചുമൂടുകയായിരുന്നു. മൂന്നാഴ്ചത്തെ തിരച്ചിലിനൊടുവിലാണ് പ്രതിയായ ഭർത്താവ് പ്രഭു രത്നാകർ (46) പോലീസ് പിടിയിലായത്.

തിരച്ചിലിൽ പങ്കുചേർന്നു; പോലീസിനെ തെറ്റിദ്ധരിപ്പിച്ചു

കഴിഞ്ഞ ജനുവരി 24-നാണ് സരോജിനിയെ കാണാനില്ലെന്ന് കാട്ടി രത്നാകർ പോലീസിൽ പരാതി നൽകിയത്. കടയിൽ പോയ ഭാര്യ തിരിച്ചുവന്നില്ലെന്നായിരുന്നു ഇയാൾ പോലീസിനോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. പോലീസിനൊപ്പം ചേർന്ന് ഭാര്യയെ കണ്ടെത്താൻ ഇയാൾ സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാൽ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വീട്ടുമുറ്റം കുഴിച്ചു പരിശോധിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്.

കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കം

കടബാധ്യതകളിലായിരുന്ന രത്നാകർ ഭാര്യയുടെ പേരിൽ ലോണുകൾ എടുക്കുകയും ചെക്കുകൾ നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സരോജിനിക്കെതിരെ ചെക്ക് മടുക്കൽ കേസ് രജിസ്റ്റർ ചെയ്തതോടെ ദമ്പതികൾക്കിടയിൽ കലഹം പതിവായി. ജനുവരി 23-ന് രാത്രി സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാൻ ഭാര്യയോട് പണം ആവശ്യപ്പെട്ടെങ്കിലും അവർ വിസമ്മതിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മരത്തടി കൊണ്ട് തലയ്ക്കടിച്ചാണ് രത്നാകർ സരോജിനിയെ കൊലപ്പെടുത്തിയത്. ഈ സമയം മകൻ പുട്ടരാജു വീട്ടിൽ ഉറങ്ങുകയായിരുന്നു.

തിരിച്ചടിയായത് കാർ ഡ്രൈവറുടെ മൊഴി

ഭാര്യയെ തിരയാനായി ഒരു കാർ വാടകയ്‌ക്കെടുത്ത് രത്നാകർ ബെംഗളൂരുവിലേക്ക് പോയിരുന്നു. എന്നാൽ അവിടെ ലോഡ്ജുകളിൽ മുറിയെടുത്ത് വിശ്രമിക്കുകയല്ലാതെ ഇയാൾ ഒരിടത്തും തിരച്ചിൽ നടത്തിയിരുന്നില്ലെന്ന് കാർ ഡ്രൈവർ പോലീസിന് മൊഴി നൽകി. ഫെബ്രുവരി 14-ന് സരോജിനിയുടെ അച്ഛൻ മരിച്ചിട്ടും രത്നാകർ എത്താതിരുന്നത് പോലീസിന്റെ സംശയം വർദ്ധിപ്പിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.

കുഴിച്ചുമൂടിയത് ചെടിച്ചട്ടി വെക്കാൻ എടുത്ത കുഴിയിൽ

വീട്ടുമുറ്റത്ത് ചെടികൾ നടാനായി നേരത്തെ എടുത്തു വെച്ചിരുന്ന ചെറിയ കുഴി കൂടുതൽ താഴ്ത്തിയാണ് ഇയാൾ മൃതദേഹം ഒളിപ്പിച്ചത്. മൃതദേഹം കുഴിച്ചുമൂടി അഞ്ച് മണിക്കൂറിന് ശേഷമാണ് ഇയാൾ ഭാര്യയെ കാണാനില്ലെന്ന നാടകം തുടങ്ങിയത്. സരോജിനിയുടെ അമ്മ കമലവ്വ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവര ഹിപ്പരഗി പോലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

Tags:    

Similar News