അത്താഴത്തിന് പാവയ്ക്ക കറി ഉണ്ടാക്കിയതിനെ ചൊല്ലി തർക്കം; മദ്യലഹരിയിൽ മകൻ അമ്മയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭാര്യ ഉപേക്ഷിച്ചു പോയ മദ്യപാനിയുടെ ക്രൂരതയിൽ ഞെട്ടി നാട്

Update: 2026-02-21 09:45 GMT

ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂരിൽ 65 വയസ്സുകാരിയായ അമ്മയെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. അത്താഴത്തിന് പാവക്ക കറി വെച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സുമിത്ര പെട്കുലെ എന്ന വയോധികയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ജഗദീഷ് പെട്കുലയെ പോലീസ് അറസ്റ്റ് ചെയ്തു.

അത്താഴത്തിനുണ്ടാക്കിയ പാവക്ക കറിയുമായി ബന്ധപ്പെട്ട് ജഗദീഷും അമ്മയും തമ്മിൽ രാത്രിയിൽ തർക്കമുണ്ടാവുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പ്രകോപിതനായ ജഗദീഷ് സുമിത്രയെ ക്രൂരമായി മർദിക്കുകയായിരുന്നു. ശരീരമാസകലം ചവിട്ടുകയും കല്ലുപയോഗിച്ച് അടിക്കുകയും ചെയ്തതിനെത്തുടർന്ന് സുമിത്രയ്ക്ക് ഗുരുതര പരിക്കേൽക്കുകയും സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയുമായിരുന്നു.

പ്രതിയായ ജഗദീഷ് മദ്യത്തിന് അടിമയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ മദ്യപാനം മൂലമുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസം മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയിരുന്നു. അതിനുശേഷം ജഗദീഷ് അമ്മയോടൊപ്പം താമസിച്ച് വരികയായിരുന്നു. കൊലപാതകം നടക്കുമ്പോഴും ജഗദീഷ് മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

ജഗദീഷ് അമ്മയെ മർദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയും, സുമിത്രയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Similar News