ഒരേസമയം രണ്ട് പ്രണയം, ഒടുവിൽ 19കാരിയെ വകവരുത്താൻ പദ്ധതിയിട്ടു; ക്രൂരമായ കൊലപാതകത്തിന് പിന്നിൽ 'ത്രികോണ പ്രണയപ്പക'; യുവതിയും കാമുകനും കുടുങ്ങിയത് സിസിടിവിയിൽ; 12 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി പോലീസ്

Update: 2026-02-11 15:23 GMT

മുംബൈ: ശിവാജി നഗറിൽ പട്ടാപ്പകൽ 19 വയസ്സുകാരിയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഷിഫ എന്ന് പേരുള്ള യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിഫയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഈ ക്രൂരകൃത്യം നടന്ന് 12 മണിക്കൂറിനുള്ളിൽ, 25കാരിയും ഇവരുടെ ആൺസുഹൃതായ 23കാരനുമാണ് പിടിയിലായത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

കൊല്ലപ്പെട്ട ഷിഫയും അറസ്റ്റിലായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാൽ, ഈ യുവാവിന് അറസ്റ്റിലായ യുവതിയുമായും ബന്ധമുണ്ടായിരുന്നു. ഈ വിഷയത്തെച്ചൊല്ലി മൂന്നുപേർക്കുമിടയിൽ മുൻപും തർക്കങ്ങൾ നിലനിന്നിരുന്നതായും പോലീസ് വെളിപ്പെടുത്തി. ഈ വിരോധമാണ് ഒടുവിൽ ഷിഫയെ വകവരുത്താനുള്ള ഗൂഢാലോചനയിലേക്ക് പ്രതികളെ നയിച്ചതെന്നാണ് വിവരം. ശിവാജി നഗർ പോലീസ് സിസിടിവി ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ച്, വിവരദാതാക്കളുടെ സഹായത്തോടെയാണ് പ്രതികളെ അതിവേഗം പിടികൂടിയത്.

ഭാരതീയ ന്യായ സംഹിതയിലെ കൊലപാതക കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം എവിടെ നിന്ന് ലഭിച്ചു, ഈ കുറ്റകൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പ്രതികളെ നിലവിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും സോണൽ ഡിസിപി സമീർ ഷെയ്ഖ് അറിയിച്ചു. 

Tags:    

Similar News