സമ്പത്തുണ്ടാക്കാൻ നരബലി വേണമെന്ന് താന്ത്രികൻ; മദ്യലഹരിയിൽ സുഹൃത്തിനെ ഗ്യാസ് സിലിണ്ടറുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പിന്നാലെ മൃതദേഹം ഓട്ടോയിലിട്ട് കത്തിച്ചു; രണ്ട് പേർ പിടിയിൽ
ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സുഹൃത്തിനെ നരബലി നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. സമ്പത്ത് നേടുന്നതിനും ദൈവികാനുഗ്രഹത്തിനുമായി താന്ത്രിക വിദ്യയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായവർ സമ്മതിച്ചതായി പോലീസ് അറിയിച്ചു. കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒരാൾ ഒളിവിൽ തുടരുകയാണ്. നവീൻ എന്ന നന്ദു ആണ് കൊല്ലപ്പെട്ടത്.
ലോണിയിലെ മിൽക്ക് വികാസ് നഗർ സ്വദേശിയായ നവീനെ കാണാതായതിനെ തുടർന്ന് സഹോദരൻ ട്രോണിക്ക സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നവീന്റെ മൃതദേഹം ഓട്ടോറിക്ഷയ്ക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും രഹസ്യ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഗാസിയാബാദിലെ നിഷാന്ത് കോളനി നിവാസികളായ പവൻ (25), സാഗർ (24, പണ്ഡിറ്റ്) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതി നസീം എന്ന ഇഖ്ബാൽ ഒളിവിലാണ്. ചോദ്യം ചെയ്യലിൽ, കൊല്ലപ്പെട്ട നവീൻ ഇവരുടെ സുഹൃത്തായിരുന്നുവെന്നും, സമ്പത്തിനും അനുഗ്രഹങ്ങൾക്കുമായി ഒരു താന്ത്രികിനെ കാണാൻ ഇവർ ഡൽഹിയിലേക്ക് പോയിരുന്നുവെന്നും പ്രതികൾ മൊഴി നൽകി. നരബലിയിലൂടെ ധനം ലഭിക്കുമെന്ന് താന്ത്രികൻ ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇതിനിടെ സുഹൃത്തിനെ ബലി നൽകാമോ എന്ന് നവീൻ താന്ത്രിക്കിനോട് ചോദിച്ചതായും പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ജനുവരി 13 ന് രാത്രി പ്രതികൾ സാഗറിന്റെ മുറിയിൽ ഒത്തുകൂടി മദ്യപിച്ചതിന് ശേഷം നവീനെ ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായാണ് മൃതദേഹം ഓട്ടോറിക്ഷയിൽ വെച്ച് കത്തിച്ചത്. ഒളിവിൽപോയ മൂന്നാം പ്രതിക്കുവേണ്ടി പോലീസ് ഊർജിതമായ തിരച്ചിൽ തുടരുകയാണ്.