'വണ്ടിയുടെ പിഴ അടയ്ക്കണം..'; പെട്ടെന്ന് ഫോണിലേക്ക് 'എംവിഡി'യുടെ സന്ദേശം; കേട്ട പാതി കേൾക്കാത്ത പാതി ആകെ വിരണ്ട്‍ യുവാവ്; ഒടുവിൽ വൺ ടൈം പാസ്‌വേഡ് എത്തിയതും കള്ളത്തരം പുറത്ത്
ചേർത്തല: ചേർത്തലയിൽ മോട്ടോർ വാഹന വകുപ്പിന്റെ (MVD) പേരിൽ വ്യാജ സന്ദശമയച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മരുത്തോർവട്ടം സ്വദേശിയായ യുവാവിനാണ് 2,44,997 രൂപ നഷ്ടമായത്. ഡിജിറ്റൽ ഇടപാടുകളിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുകൾക്കിടയിലും അതീവ തന്ത്രപരമായ രീതിയിലാണ് തട്ടിപ്പുകാർ പണം കവർന്നത്.
തന്റെ സഹോദരന്റെ വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയിട്ടുണ്ടെന്ന് വിശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു എസ്.എം.എസ് (SMS) സന്ദേശമാണ് യുവാവിന്റെ ഫോണിലേക്ക് എത്തിയത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ 'എം-പരിവാഹൻ' (mParivahan) സൈറ്റിന് സമാനമായ രീതിയിൽ നിർമ്മിച്ച ഒരു വ്യാജ ലിങ്കും ഈ സന്ദേശത്തോടൊപ്പം ഉണ്ടായിരുന്നു. കാഴ്ചയിൽ യഥാർത്ഥ വെബ്സൈറ്റാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു ഇതിന്റെ രൂപകൽപ്പന.
സന്ദേശം സത്യമാണെന്ന് വിശ്വസിച്ച യുവാവ്, ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റിൽ പ്രവേശിച്ചു. തുടർന്ന് ഓൺലൈനായി പിഴയടയ്ക്കുന്നതിനായി തന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകി. പണമിടപാട് പൂർത്തിയാക്കാൻ മൊബൈലിൽ വന്ന വൺ ടൈം പാസ്‌വേഡ് (OTP) നൽകിയതോടെയാണ് വലിയ തട്ടിപ്പ് നടന്നത്.
തുടർച്ചയായി രണ്ട് തവണകളായി യുവാവിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കപ്പെട്ടു. ആകെ 2,44,997 രൂപയാണ് നിമിഷങ്ങൾക്കുള്ളിൽ തട്ടിപ്പുകാർ കൈക്കലാക്കിയത്. അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആയ വിവരം ബാങ്ക് സന്ദേശത്തിലൂടെ അറിഞ്ഞപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവാവ് തിരിച്ചറിഞ്ഞത്.
സംഭവം നടന്നാലുടൻ യുവാവ് ചേർത്തല പൊലീസിൽ പരാതി നൽകി. ഐടി ആക്ട് പ്രകാരവും വഞ്ചനാക്കുറ്റത്തിനും കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ തുക കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇത്തരം വ്യാജ ലിങ്കുകൾ നിർമ്മിക്കുന്ന സൈബർ ക്രിമിനലുകളെ കണ്ടെത്താൻ ശാസ്ത്രീയമായ പരിശോധനകൾ ആവശ്യമാണെന്ന് പൊലീസ് അറിയിച്ചു.
വാഹന പരിശോധനയുമായി ബന്ധപ്പെട്ട പിഴകൾ അടയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് ഔദ്യോഗികമായ ലിങ്കുകൾ മാത്രമേ നൽകാറുള്ളൂ. എന്നാൽ, തട്ടിപ്പുകാർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികത ഉറപ്പുവരുത്തേണ്ടതുണ്ട്.
സന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ .gov.in എന്നതിൽ അവസാനിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുക. ബാങ്ക് ഇടപാടുകൾക്കായി വരുന്ന ഒടിപി നമ്പറുകൾ അപരിചിതമായ സൈറ്റുകളിൽ നൽകാതിരിക്കുക. പിഴകൾ പരിശോധിക്കാൻ പ്ലേസ്റ്റോറിൽ നിന്നുള്ള ഔദ്യോഗിക എം-പരിവാഹൻ ആപ്പ് നേരിട്ട് ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
