കൊല്ലം ചിതറയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുഹൃത്തിന്റെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍; ചിതറ സ്വദേശിയായ യുവാവ് പോലീസ് കസ്റ്റഡിയില്‍; പിടിയിലായത് എംഡിഎംഎ ലഹരിക്കേസിലെ പ്രതി

ചിതറ വിശ്വാസ് നഗറില്‍ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം

Update: 2024-10-14 12:34 GMT

കൊല്ലം: കൊല്ലം ചിതറയില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ കഴുത്തറുത്ത് കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. നിലമേല്‍ വളയിടം സ്വദേശി ഇര്‍ഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഇര്‍ഷാദിന്റെ സുഹൃത്തായ ചിതറ വിശ്വാസ് നഗറില്‍ സഹദിന്റെ വീട്ടിലായിരുന്നു കൊലപാതകം. സഹദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സഹദിന്റെ വീട്ടിലായിരുന്നു ദിവസങ്ങളായി ഇര്‍ഷാദിന്റെ താമസം. രാവിലെ പതിനൊന്നു മണിയോടെ സഹദ് വീടിനുളളില്‍ കത്തിയുമായി നില്‍ക്കുന്നത് സഹദിന്റെ പിതാവ് കണ്ടു. തുടര്‍ന്ന് നോക്കിയപ്പോഴാണ് വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ ഇര്‍ഷാദ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ചിതറ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു

ഇര്‍ഷാദ് അടൂര്‍ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. അത് ലറ്റായിരുന്ന ഇര്‍ഷാദിന് സ്‌പോര്‍ട്ട്‌സ് കോട്ടയിലാണ് ജോലി ലഭിച്ചത്. നിലവില്‍ ദുശീലം കാരണം ഇര്‍ഷാദിനെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പിടിയിലായ സുഹൃത്ത് സഹദിനെതിരെ എംഡിഎംഎ കേസില്‍ കടയ്ക്കല്‍ സ്റ്റേഷനില്‍ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.

സഹദിന്റെ വീട്ടില്‍വച്ചാണ് ഇര്‍ഷാദിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ലഹരി ഇടപാടാണോ കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സഹദിനെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു.

Tags:    

Similar News