അങ്കണവാടിയില്‍ കുഞ്ഞ് വീണ് തലയ്ക്ക് പരിക്കേറ്റത് അധികൃതര്‍ മറച്ചു വച്ചു; വീട്ടുകാര്‍ വിവരമറിയുന്നത് മൂന്ന് വയസുകാരി ചര്‍ദിച്ചപ്പോള്‍; ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍; കേസെടുത്ത് ബാലാവകാശ കമ്മിഷന്‍

അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരപരിക്ക്

Update: 2024-11-24 10:36 GMT

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റിട്ടും വീട്ടുകാരില്‍ നിന്നും അധികൃതര്‍ മറച്ചുവച്ചെന്ന് ആരോപണം. മാറനല്ലൂര്‍ പോങ്ങുംമൂട് ഷിബു നിവാസില്‍ രതീഷ്-സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്ക് (3) തലയ്ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ എസ്.എ.ടി. ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് തലയില്‍ ആന്തരിക രക്തസ്രാവം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തി. കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുന്നില്ലെന്നാണ് വിവരം. വീഴ്ചയില്‍ സുഷുമ്‌നാ നാഡിക്ക് ക്ഷതം സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

കുട്ടിക്ക് വീഴ്ചയില്‍ സാരമായി പരുക്കേറ്റ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില്‍ നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞത്.

വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഞായറാഴ്ച ശിശു ക്ഷേമ സമിതിയില്‍ നിന്നും പരിശോധനയ്ക്ക് ആളെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന കണ്ടെത്തലിലാണ് കമ്മിഷന്‍ കേസെടുത്തിരിക്കുന്നത്.

മാറനല്ലൂര്‍ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആറ് കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. ഇവരെ പരിചരിക്കാന്‍ ആയയും അധ്യാപികയുമുണ്ട്. അങ്കണവാടിയില്‍ വെച്ച് വൈഗ വീണപ്പോള്‍ വേണ്ട പരിചരണം നല്‍കുകയോ വിവരം രക്ഷിതാക്കളെ അറിയിക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം.

വ്യാഴാഴ്ച വൈഗ വീട്ടില്‍ എത്തിയ ഉടനെ നിര്‍ത്താതെ കരയുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. ഇതേ അങ്കണവാടിയില്‍ പഠിക്കുന്ന വൈഗയുടെ സഹോദരനാണ് കുട്ടി വീണ വിവരം വീട്ടുകാരെ അറിയിച്ചത്. പരിശോധനയില്‍ തലയുടെ പിറകില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗത്ത് മുഴച്ചിരിക്കുന്നത് കണ്ടു. ഉടന്‍ രക്ഷിതാക്കള്‍ അധികൃതരുമായി ബന്ധപ്പെട്ടു. വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ മറുപടി. വീടിന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ച് പരിശോധന നടത്തിയ ശേഷമാണ് കുഞ്ഞിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത്.

അംഗണവാടിയില്‍ കുട്ടി വീണ സംഭവം ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ബാലാവകാശ കമ്മീഷന്‍ മനോജ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം ബാലാവകാശ കമ്മിഷന്‍ അംഗം ഡോ. എഫ് വില്‍സണ്‍ വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെ കേസെടുത്തു.അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരപരിക്ക്

Tags:    

Similar News