സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി; പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ: മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി
സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കുളിമുറിയിലെത്തിച്ച് കഴുത്തറുത്ത ശേഷം എട്ട് കഷണങ്ങളാക്കി; പിടിവീണത് ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ: മാരിമുത്തു മറ്റൊരു കൊലക്കേസിലും പ്രതി
കന്യാകുമാരി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗുകളിലാക്കിയ ഭര്‍ത്താവ് മറ്റൊരു കൊലപാതക കേസിലും പ്രതിയെന്നു പൊലീസ്. ഇറച്ചിവെട്ടുകാരനായ പ്രതി മാരിമുത്തു തിരുനെല്‍വേലിയില്‍ ഒരാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. അഞ്ചുഗ്രാമത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ തിരുനെല്‍വേലി പാളയംകോട്ട സമാധാനപുരം സ്വദേശി മരിയ സത്യ (30) ആണ് കൊല്ലപ്പെട്ടത്. മരിയ സത്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവ് മാരിമുത്തു (35) നാഗര്‍കോവില്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്.
ഭാര്യയിലുള്ള സംശയമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അഞ്ചുഗ്രാമം എസ്‌ഐ പി. ലിബി പോള്‍രാജ് പറഞ്ഞു. അഞ്ചുഗ്രാമം പാല്‍കുളത്ത് തമിഴ്‌നാട് സര്‍ക്കാര്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. ഒന്നര മാസം മുന്‍പാണ് ദമ്പതികള്‍ ഇവിടെ താമസിക്കാനെത്തിയത്. വര്‍ഷങ്ങളായി ഒരുമിച്ച് ജീവിക്കുന്ന ഭാര്യയെ അതിക്രൂരമായാണ് മാരിമുത്തു കൊലപ്പെടുത്തിയത്.
മരിയ സത്യയെ കുളിമുറിയിലെത്തിച്ച് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. രാത്രി ഏഴര വരെ രക്തം വാര്‍ന്നു പോകുന്നതിനായി കാത്തിരുന്നു. തുടര്‍ന്ന് മൃതദേഹം 8 കഷണങ്ങളാക്കി മുറിച്ച് 3 ബാഗുകളിലാക്കി. രാത്രി പത്തരയോടെ ബാഗുകളുമായി ഫ്‌ലാറ്റിനു പുറത്തേക്കു പോകുമ്പോള്‍ തെരുവു നായ്ക്കള്‍ ചുറ്റും നിന്നു കുരച്ചതോടെ സമീപവാസികള്‍ ചോദ്യം ചെയ്യുകയും ബാഗ് തുറന്നു നോക്കുകയും ചെയ്തപ്പോഴാണ് കൊലപാതകം വെളിച്ചത്തായത്. മൃതദേഹം പിന്നീടു നാഗര്‍കോവിലില്‍ സംസ്‌കരിച്ചു.
ദമ്പതികള്‍ക്ക് മകനും (അഞ്ചാം ക്ലാസ്), മകളും (മൂന്നാം ക്ലാസ്) ഉണ്ട്. കുട്ടികള്‍ പാളയംകോട്ടയിലുള്ള ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത്. തൂത്തുക്കുടിയില്‍ മത്സ്യസംസ്‌കരണ കമ്പനിയിലെ തൊഴിലാളിയായിരുന്നു മരിയ സത്യ. ചെന്നൈയില്‍ കോള്‍ ടാക്‌സി ഡ്രൈവറായിരുന്ന മാരിമുത്തു കുറച്ചുനാളായി ഇറച്ചിവെട്ടു ജോലിയാണ് ചെയ്യുന്നത്.