മകളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പിടികൂടി അമേരിക്കന്‍ പോലീസ്; ദുരഭിമാന കൊലയോ എന്ന സംശയം സജീവം
വാഷിങ്ടണ്‍: അമേരിക്കയില്‍ മകളെ ശ്വസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം കാനഡയിലേയ്ക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച അമ്മയെ പിടികൂടി. അമ്മ നടത്താന്‍ ശ്രമിച്ചത് ദുരഭിമാന കൊലയാണോ എന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. കാനഡ അതിര്‍ത്തിയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. സാറാ സുബി മൊഹ്സിന്‍ അലി എന്നാണ് ഇവരുടെ പേര്. കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് സംഭവം നടന്നത്.
ഇവരുടേയും ഭര്‍ത്താവായ ഇഹ്സാന്‍അലിയുടേയും പേരില്‍ വധശ്രമം, തട്ടിക്കൊണ്ട് പോകല്‍, കൈയ്യേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ മകളുടെ പേരോ മറ്റ് വിശദാംശങ്ങളോ ഇനിയും വെളിപ്പെടുത്തിയിട്ടില്ല. കുട്ടിയെ മാതാപിതാക്കള്‍ ബലംപ്രയോഗിച്ച് ഇറാഖിലേക്ക് ഒരു വിമാനത്തില്‍ കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് പറയുന്നതനുസരിച്ച് ഈ പെണ്‍കുട്ടിയെ മറ്റൊരു രാജ്യത്തുള്ള വളരെ മുതിര്‍ന്ന ഒരാളെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ പിതാവ് ഭീഷണിപ്പെടുത്തുണ്ടായിരുന്നു എന്നാണ്.
കുട്ടിയെ സ്‌കൂളില്‍ നിന്ന് അച്ഛന്‍ ബലമായി പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുന്നതിന്റെയും സ്‌ക്കൂളിലെ മറ്റ് കുട്ടികള്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെയും ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഈയിടെ പുറത്തു വന്നിരുന്നു. അച്ഛന്‍ പിന്‍മാറിയതിന് തൊട്ടു പിന്നാലെയാണ് അമ്മയായ സാറാ സുബി മൊഹ്സിന്‍ ഇലി കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തും മറ്റ് കുട്ടികളും ചേര്‍ന്ന് അമ്മയെ ബലം പ്രയോഗിച്ച് പിടിച്ചു മാറ്റുക ആയിരുന്നു. തുടര്‍ന്ന് എത്തിയ പോലീസ് കുട്ടിയുടെ അച്ഛനായ ഇസ്ഹാന്‍ അലിയെ പിടികൂടിയിരുന്നു. എന്നാല്‍ അമ്മയെ പോലീസ് പിടികൂടിയിരുന്നില്ല.
സംഭവം നടന്ന് നാല് ദിവസം കഴിഞ്ഞപ്പോഴാണ് സാറാ സുബി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പിടികൂടിയ സാറയെ പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ ശേഷമാണ് സാറ കോടതി നടപടികളെ ഭയന്ന് കാനഡയിലേക്ക് രക്ഷപ്പടാന്‍ ശ്രമം നടത്തിയത്. ഇവരുടെ മൂത്ത് മകളായ ഹനീന്‍ അലിക്കും സംഭവത്തില്‍ പങ്കുണ്ടെന്നും അവരേയും പിടികൂടണമെന്നുമാണ് പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിന്റെ അച്ഛന്‍ ആവശ്യപ്പെടുന്നത്. സാറ തന്ത്രപൂര്‍വ്വം നേരത്തേ തന്നെ അവരുടെ രണ്ട് ഇളയ മക്കളേയും കാനഡയിലുള്ള അവരുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍ എത്തിച്ചു എന്നാണ് പറയപ്പെടുന്നത്.
വാഷിംഗ്ടണില്‍ മടങ്ങിയെത്തിയതിന് ശേഷമാണ് സാറ വീണ്ടും കാനഡയിലേക്ക് പോകാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയില്‍ നിന്നും ആണ്‍സുഹൃത്തില്‍ നിന്നും പോലീസ് കാര്യങ്ങള്‍ കൃത്യമായി എഴുതി വാങ്ങിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് പെണ്‍കുട്ടി കറുത്ത വര്‍ഗ്ഗക്കാരനായ ഒരാണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. അച്ഛന്റെ ക്രൂരസ്വഭാവം അറിയാമായിരുന്ന പെണ്‍കുട്ടി ഇക്കാര്യം രഹസ്യമാക്കി വെച്ചിരുന്നു. ആണ്‍സുഹൃത്തിന്റെ പിതാവായ വിക്ടര്‍ ബാണ്‍സ് പറയുന്നത് തന്റെ ഭാര്യ കുട്ടികളുടെ പ്രണയത്തെ കുറിച്ച് സംസാരിക്കാനായി സാറയെ ഫോണില്‍ വിളിച്ചപ്പോള്‍ മോശമായ ഭാഷയിലാണ് അവര്‍ പ്രതികരിച്ചതെന്നാണ്.
കൂടാതെ സ്‌ക്കൂളില്‍ എത്തിയ സാറ തന്റെ മകനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായും അദ്ദേഹം ആരോപിക്കുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ട സ്‌ക്കൂള്‍ അധികൃതര്‍ സാറയോട് ഇനി സ്‌ക്കൂളില്‍ കയറരുത് എന്ന മുന്നറിയിപ്പും കൊടുത്തിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ അച്ഛന്‍ അവളെ ഭീഷണിപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്തിരുന്നു. കൂടാതെ ഇയാള്‍ കുട്ടിയുടെ ആണ്‍സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.