സ്‌കൂള്‍ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവെ കാലില്‍ കേബിള്‍ കുടുങ്ങി; കൃഷ്‌ണേന്ദു വീണത് ബസിനടിയിലേക്ക്; രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ ബസിനടിയില്‍പെട്ട് മരിച്ച സംഭവത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍. മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദു ആണ് മരിച്ചത്. ഏഴ് വയസ്സുകാരിയുടെ ദേഹത്ത് സ്‌കൂള്‍ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു. അതേസമയം, അപകടത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി റിപ്പോര്‍ട്ട് തേടി.
സ്‌കൂള്‍ ബസില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോള്‍ കേബിളില്‍ കാല്‍ കുരുങ്ങി ബസിനടയിലേക്ക് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ജീവന്‍ നഷ്ടപ്പെട്ടു. കെഎസ്ആര്‍ടി ഡ്രൈവര്‍ മണികണ്ഠന്റെയും സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരി ശരണ്യയുടെയും മകളാണ് കൃഷ്‌ണേന്ദു.
സ്‌കൂള്‍ ബസില്‍ വീട്ടിലേക്ക് വന്നതാണെന്നും വീട്ടിലേക്ക് കയറുന്ന വഴി റോഡിലുണ്ടായിരുന്ന കേബിളില്‍ കാല്‍ കുരുങ്ങി വണ്ടിയ്ക്കടിയിലേക്ക് വീണതാണെന്നും വല്ലാത്തൊരു ഞെട്ടലിലാണെന്നും നാട്ടുകാരനായ സൈനുലാബുദ്ദീന്‍ പറഞ്ഞു. വിവരം അറിയിച്ചശേഷം കുട്ടിയുടെ അച്ഛനെ വീട്ടിലേക്ക് എത്തിച്ചപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ നാട്ടുകാരും ബന്ധുക്കളും കുഴങ്ങി.
നെഞ്ചുപൊട്ടികരഞ്ഞാണ് കൃഷ്‌ണേന്ദുവിന്റെ അച്ഛന്‍ മണികണ്ഠന്‍ വീട്ടിലേക്ക് എത്തിയത്. വീടിന് സമീപത്തെ ഇടറോഡില്‍ വെച്ചാണ് അപകടം. ബസില്‍ നിന്നും ആയ കുട്ടിയെ ഇറക്കിയിരുന്നു. ഇതിനുശേഷം ബസ് മുന്നോട്ട് എടുക്കുന്നതിനിടയില്‍ കൃഷ്‌ണേന്ദുവിന്റെ കാല്‍ കേബിളില്‍ കുടുങ്ങുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഇതോടെ ബസിന്റെ പിന്‍ചക്രത്തിനടിയിലേക്ക് വീണു. കുട്ടിയുടെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോക്കാരന്‍ അപകടം കണ്ടിരുന്നുവെന്നും സ്ഥലത്ത് ചാനല്‍ കേബിളിന്റെ പണി നടക്കുന്നുണ്ടായിരുന്നുവെന്നും സൈനുലാബുദ്ദീന്‍ പറഞ്ഞു.
കുട്ടിയെ ഇറക്കി സ്‌കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നില്‍ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടില്‍ ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. കുട്ടിയെ ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മടവൂര്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദുവിന്റെ വിയോഗം അതീവ ദുഖകരമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുകയാണ്. അപകടം സംബന്ധിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിലവില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലാണ് കുട്ടിയുടെ മൃതദേഹമുളളത്.
രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലില്‍ നാട്ടുകാര്‍