വിവാഹമോചന കേസില്‍ 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടു; പിന്നാലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു; കാരണക്കാരി ഭാര്യയെന്ന് ആത്മഹത്യകുറിപ്പും; യുവതിക്കെതിരെ പരാതിയുമായി ഭര്‍തൃകുടുംബം

വിവാഹമോചന കേസില്‍ 20 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടു; യുവാവ് ആത്മഹത്യ ചെയ്തു

Update: 2025-01-28 14:47 GMT

ഹുബ്ബള്ളി: ഭാര്യയുടെ പീഡനത്തെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന് പരാതി. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പേറ്റാരു ഗൊല്ലപള്ളിയെ ജനുവരി 26ന് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവാഹമോചന കേസില്‍ ജീവനാംശമായി 20 ലക്ഷം രൂപ ഭാര്യ ആവശ്യപ്പെട്ടതാണ് ആത്മഹത്യക്ക് കാരണമെന്ന് യുവാവിന്റെ കുടുംബം ആരോപിച്ചു.

തന്റെ മരണത്തിന് ഭാര്യ ഫീബയാണ് കാരണക്കാരി എന്ന് വിശദീകരിക്കുന്ന ആത്മഹത്യകുറിപ്പും സംഭവ സ്ഥലത്തുനിന്ന് ലഭിച്ചു. പിന്നാലെ, സഹോദരന്‍ ഈഷയ്യ ഗൊല്ലപ്പള്ളി അശോക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് സെക്ഷന്‍ 108 (ആത്മഹത്യ പ്രേരണ) പ്രകാരം ഫീബക്കെതിരെ പൊലീസ് കേസെടുത്തു.

രണ്ട് വര്‍ഷം മുമ്പാണ് പേറ്റാരുവും ഫീബയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം നിരന്തര വഴക്കിനെത്തുടര്‍ന്ന് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.

പേറ്റാരുവിന്റെയും സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ഫീബയുടെയും വിവാഹമോചന ഹരജി കോടതിയുടെ പരിഗണനയിലാണ്. തിങ്കളാഴ്ച കോടതിയില്‍ വാദം കേള്‍ക്കുകയും ഫീബ 20 ലക്ഷം രൂപ ജീവനാംശമായി ആവശ്യപ്പെടുകയും ചെയ്തുവെന്ന് അവരുടെ അഭിഭാഷകന്‍ വെളിപ്പെടുത്തി. ഇതാണ് പേറ്റാരുവിനെ അസ്വസ്ഥനാക്കിയതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നു.

ആത്മഹത്യക്കുറിപ്പില്‍, പേറ്റാരു പിതാവിനോട് ക്ഷമാപണം നടത്തുകയും മാതാപിതാക്കളെ പരിപാലിക്കാന്‍ സഹോദരനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ പീഡനം മൂലമാണ് താന്‍ മരിച്ചതെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തണമെന്നും അദ്ദേഹം കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

മരുമകള്‍ക്കെതിരിരെ ഭര്‍തൃവീട്ടുകാരും രംഗത്ത് വന്നു. മരുമകള്‍ തന്റെ മകനെ വഞ്ചിക്കുകയായിരുന്നെന്നും ബഹുമാനിച്ചിരുന്നില്ലെന്നും റബേക്കാമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും ഒരുമിച്ച് ഗോവയിലേക്ക് യാത്ര പോയപ്പോള്‍ അവള്‍ യാത്ര മുടക്കി പാതിവഴിക്ക് തിരിച്ചു വന്നു, അവള്‍ക്ക് വിവാഹേതര ബന്ധമുണ്ട് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റബേക്കാമ്മ പ്രധാനമായും ആരോപിക്കുന്നത്.

അധ്യാപികയായിരുന്ന മരുമകള്‍ വീട്ടിലെത്താന്‍ രാത്രി വൈകുമെന്നും സ്വന്തം അഛനമ്മമാരോടൊപ്പം താമസിക്കാന്‍ വാശിപിടിക്കുമെന്നും, അവള്‍ ഇടയ്ക്കിടെ കണ്ടുമുട്ടുന്ന ആളെ കുറിച്ച് മകന്‍ ചോദ്യം ചെയ്താന്‍ അത് നിഷേധിക്കുകയും തന്റെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ അവകാശം ഇല്ലെന്ന നിലപാടെടുക്കുകയും ചെയ്യുമെന്നും റബേക്കാമ്മ പറഞ്ഞു.

അടിക്കടിയുള്ള തര്‍ക്കങ്ങള്‍ കാരണം യുവതി വീട്ടില്‍ നിന്ന് മാറി താമസിക്കുകയും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെന്നും പൊലീസ് പറഞ്ഞു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ തിങ്കളാഴ്ചയാണ് പേറ്റാരു തൂങ്ങിമരിച്ചത്. വിവാഹമോചന ഹര്‍ജി കോടതിയില്‍ വാദം കേള്‍ക്കാന്‍ നിശ്ചയിച്ച ദിവസം തന്നെ അയാള്‍ ആത്മഹത്യയ്ക്ക് തിരഞ്ഞെടുത്തു.

Tags:    

Similar News