'യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില അന്നു തീര്‍ത്തു പറഞ്ഞു; സ്റ്റേഷനില്‍ നിന്നിറങ്ങിയ 21കാരി സാമൂഹിക പ്രവര്‍ത്തകയോട് തുറന്നുപറഞ്ഞത് യാസിറിന്റെ ലൈംഗിക വൈകൃതങ്ങള്‍; തങ്ങാനാകുന്നതിനും അപ്പുറമെന്നും യുവതി; കൊലപാതകത്തിന് രണ്ട് കത്തികള്‍; ഉപ്പ ഉമ്മയെ കുത്തികൊന്നത് അറിയാതെ ആ മൂന്ന് വയസ്സുകാരി

ഉപ്പ ഉമ്മയെ കുത്തികൊന്നത് അറിയാതെ ആ മൂന്ന് വയസ്സുകാരി

Update: 2025-03-21 07:48 GMT

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ 21കാരിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. യുവതിയെ ആക്രമിക്കാന്‍ പ്രതിയായ ഭര്‍ത്താവ് യാസിര്‍ രണ്ട് കത്തികള്‍ ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. യാസിറിനെ പിടികൂടുമ്പോള്‍ പക്കല്‍നിന്നു രണ്ടു കത്തികള്‍ കണ്ടെത്തിയിരുന്നു. കൈതപ്പൊയില്‍ അങ്ങാടിയില്‍നിന്നു വാങ്ങിയ പുതിയ സ്റ്റീല്‍ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. യാസിര്‍ നടത്തിയത് ആസൂത്രിത കൊലപാതകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍വച്ച് കസ്റ്റഡിയില്‍ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കല്‍നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്ത്. ഇവ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഷിബിലയ്ക്ക് 11 കുത്തുകള്‍ ഏറ്റിരുന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുറിവുകളില്‍ ചിലത് ചെറിയതരം കത്തിപോലുള്ള ആയുധമുപയോഗിച്ച് കുത്തിയ തരത്തിലുള്ളവയായിരുന്നു. മൂര്‍ച്ചയുള്ള ഒന്നിലേറെ ആയുധങ്ങള്‍ കൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു കത്തികളും പൊലീസ് കോടതിയില്‍ ഹാജരാക്കും. യാസിറിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇന്നു നല്‍കിയേക്കും. കസ്റ്റഡിയില്‍ വാങ്ങി അടുത്ത ദിവസംതന്നെ കൊലപാതകം നടന്ന കക്കാടുള്ള ഷിബിലയുടെ വീട്ടില്‍ യാസിറിനെ എത്തിച്ച് തെളിവെടുപ്പ് നടത്തും.

അതേ സമയം യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുന്‍പ് ഷിബില നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകണമെന്നാണ് യാസിര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില തീര്‍ത്തു പറഞ്ഞു.

സ്റ്റേഷനില്‍ നിന്നിറങ്ങിയ ശേഷമാണ് ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവര്‍ത്തകയോട് ലൈംഗിക വൈകൃതത്തിനും ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയത്. തങ്ങാനാകുന്നതിനും അപ്പുറമാണിതെന്നും ഷിബില പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്‌മാന്‍, ഹസീന എന്നിവരുടെ മൊഴി പൊലീസ് ഇന്നലെ രേഖപ്പെടുത്തി. യാസിറിന്റെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. യാസിറിന്റെ സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യുമെന്നും യാസിറിന്റെ ലഹരി ബന്ധങ്ങള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ഈങ്ങാപ്പുഴ നക്കലമ്പാട് ഷിബിലയെ ഭര്‍ത്താവ് യാസിര്‍ വീട്ടില്‍ കയറി കുത്തിക്കൊന്നത്.

യാസിറിന്റെ കൂട്ടുകാരില്‍ ചിലര്‍ മയക്കുമരുന്നിന്റെ അടിമകളാണെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിഖ് ഉള്‍പ്പെടെയുള്ളവരുമായി യാസിറിന് ബന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും പരാതിയിലാണ് അന്വേഷണം നടത്തുന്നത്.

ഷിബിലയുടെ മാതാപിതാക്കളില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായതിനാലാണ് വൈകുന്നതെന്നും താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്തതായാണ് വിവരം.

ഷിബിലയുടെ വിവാഹം നടക്കുന്ന സമയത്തും യാസിര്‍ ലഹരി ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും വിവാഹത്തിനുശേഷവും ലഹരി ഉപയോഗം തുടര്‍ന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഷിബില തനിക്കൊപ്പം വരാത്തതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു കൊലപാതകം നടത്തിയതെന്നും ഷിബിലയുടെ വീട്ടുകാര്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ടെന്നുമാണ് യാസിര്‍ പൊലീസിന് നല്‍കിയ മൊഴി. വ്യാഴാഴ്ചയും ഫിംഗര്‍ പ്രിന്റ് വിദഗ്ധര്‍ കൊലപാതകം നടന്ന വീട്ടിലെത്തി തെളിവ് ശേഖരിച്ചു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച സന്ധ്യയോടെയാണ് ഷിബിലയെ ഭര്‍ത്താവ് യാസിര്‍ കാറിലെത്തി കത്തി ഉപയോഗിച്ച് കുത്തുന്നത്. തടയാന്‍ ശ്രമിച്ച പിതാവ് അബ്ദുറഹ്‌മാനും മാതാവ് ഹസീനക്കും കുത്തേറ്റിരുന്നു. 11 കുത്തുകളേറ്റ ഷിബിലയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് മെഡിക്കല്‍ കോളജ് പരിസരത്തുനിന്നാണ് യാസിറിനെ പൊലീസ് പിടികൂടുന്നത്.


ഉപ്പ ഉമ്മയെ കൊന്നതറിയാതെ ആ മൂന്ന് വയസ്സുകാരി

പള്ളിക്കാടിന് വിളിപ്പാടകലെയുള്ള വീട്ടില്‍ മൂന്ന് വയസ്സുകാരി ഒന്നും അറിയാതെ ഭിത്തിയില്‍ ചിരിയിരിപ്പുണ്ട്.. അവളെ ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഷിബിലയുടെ സഹോദരിയും. കരിക്കുളം മദ്രസാഹാളിലെ ബെഞ്ചില്‍ വെള്ളപുതച്ചുകിടന്ന ഷിബിലയെ കണ്ട് കണ്ണീര്‍ വാര്‍ത്തവര്‍ വിതുമ്പലോടെ പറയുന്നുണ്ടായിരുന്നു, യാസിറിനെ അവള്‍ അത്രത്തോളം സ്‌നേഹിച്ചിരുന്നെന്ന്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് അയല്‍വീട്ടുകാരനായ യാസിറുമായി ഷിബില അടുപ്പത്തിലായത്. മറ്റൊരു നിക്കാഹ് ഉറപ്പിച്ചടുത്ത് നിന്ന് പതിനെട്ടാമത്തെ വയസ്സില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍നിന്ന് യാസിറിന്റെ കൈ പിടിച്ച് ഷിബില ഇറങ്ങി, നീ അവനൊപ്പം പോവല്ലെ മോളെയെന്ന് പലവട്ടം ആ ഉപ്പ കരഞ്ഞു പറഞ്ഞു, അവന്‍ ലഹരിക്കടിമയാണെന്നും പറഞ്ഞു, പക്ഷെ അവനോടുള്ള പ്രണയത്തില്‍ ഒന്നും ഷിബില ചെവികൊണ്ടില്ല.

പക്ഷെ, കൊതിച്ചതൊന്നുമായിരുന്നില്ല പിന്നീടുള്ള ജീവിതം. യാസിറിന്റെ ലഹരി ഉപയോഗം ജീവിതം തകര്‍ത്തു. വാടക വീടുകള്‍ പലതവണ മാറി. ഒടുവില്‍ ഉപദ്രവം സഹിക്കവയ്യാതായതോടെ നാല് വര്‍ഷം മുമ്പ് ഇറങ്ങിയ വീട്ടിലേക്ക് കുഞ്ഞുമായി ഷിബില തിരികെയെത്തി. നോമ്പുതുറന്ന നേരത്താണ് കത്തിയുമായി യാസിര്‍ എത്തി മകളുടെ മുന്നിലിട്ട് ഷിബിലയെ കുത്തിയത്. താഴെവീണിട്ടും പക തീരാതെ വീണ്ടും വീണ്ടും ആഞ്ഞ് കുത്തിക്കൊന്നത്. തടയാന്‍ വന്ന ഷിബിലയുടെ രക്ഷിതാക്കളെയും കുത്തി. ഒടുവില്‍ നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News