കൊച്ചച്ഛന്റെ ലൈംഗിക ശേഷി പരിശോധിക്കും; ഡി എന്‍ എ സാമ്പിള്‍ എടുത്ത് പോലീസ്; കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍; അവിവാഹിതന്‍ സ്വന്തം ചേട്ടന്റെ മകളോട് കാട്ടിയത് 'സ്‌നേഹ ചതി'; സംസ്‌കാര ചടങ്ങില്‍ അച്ഛനേക്കാള്‍ വികാരാധീനനായത് കൊടും ക്രൂരന്‍

Update: 2025-05-23 02:25 GMT

കൊച്ചച്ഛന്റെ ലൈംഗിക ശേഷി പരിശോധിക്കും; ഡി എന്‍ എ സാമ്പിള്‍ എടുത്ത് പോലീസ്; കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍; അവിവാഹിതന്‍ സ്വന്തം ചേട്ടന്റെ മകളോട് കാട്ടിയത് 'സ്‌നേഹ ചതി'; സംസ്‌കാര ചടങ്ങില്‍ അച്ഛനേക്കാള്‍ വികാരാധീനനായത് കൊടും ക്രൂരന്‍

കൊച്ചി: എറണാകുളത്ത് മൂന്ന് വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടുള്ള പോക്‌സോ കേസില്‍ പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കും. ഇതിനായി ഡി എന്‍ എ സാംപിള്‍ ശേഖരിച്ചു. പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കാനായാണ് ഡി എന്‍ എ സാംപിള്‍ ശേഖരിച്ചത്. അമ്മ പുഴയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ നാലുവയസുകാരി ക്രൂര ബലാത്സംഗം നേരിട്ടതായി തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെ കുഞ്ഞിന്റെ അച്ഛന്റെ സഹോദരനാണ് പീഡനം നടത്തിയിരുന്നതെന്നാണ് പൊലീസിന് വ്യക്തമായത്. ഇതോടെ പോക്‌സോ കേസെടുത്ത് പുത്തന്‍കുരിശ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിയുടെ ലൈംഗിക ശേഷി പരിശോധിക്കുന്നത്. അതിനിടെ കൊലപാതക കേസില്‍ പ്രതിയായ അമ്മയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. അമ്മയെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.

മകള്‍ ലൈംഗിക പീഡനത്തിനിരയായത് അറിഞ്ഞിട്ടില്ലെന്ന് അമ്മയുടെ മൊഴി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടിയില്‍ അമിതമായി താത്പര്യം കാണിച്ചത് തന്നെ അസ്വസ്ഥതപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ കുട്ടിയില്‍ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം കിട്ടിയിരുന്നു. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടാക്കി. രണ്ടാനമ്മയുടെ കീഴില്‍ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടെന്നും കുഞ്ഞിന്റെ ഭാവിയില്‍ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നല്‍കിയെന്നാണ് വിവരം.

അവിവാഹിതനായ അച്ഛന്റെ ഇളയ സഹാദരനാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഒന്നരവര്‍ഷമായി പീഡനം തുടര്‍ന്നിരുന്നുവെന്നാണ് വിവരം. അറസ്റ്റിലായ 35 വയസുള്ള ഉറ്റബന്ധുവിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കുട്ടിയെ പലവട്ടം പീഡിപ്പിച്ചതായി ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കുട്ടി മരിക്കുന്നതിനു തലേന്നാളും പീഡനത്തിന് ഇരയായി. കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവും ആന്തരിക രക്തസ്രാവവുമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം ചെയ്ത കളമശേരി മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സര്‍ജന്‍ പൊലീസിനെ അറിയിച്ചിരുന്നു.പിന്നാലെ ഇയാളടക്കം പിതാവിന്റെ ഉറ്റബന്ധുക്കളായ മൂന്നുപേരെ ചോദ്യം ചെയ്തതിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതോടെ ലൈംഗിക വൈകൃതം ഉള്ളയാളാണെന്ന് വ്യക്തമായി.

പീഡിപ്പിച്ച കുറ്റത്തിനു പിതാവിന്റെ സഹോദരനെ തന്നെ പൊലീസ് അറസ്റ്റ് ചെയ്ത വിവരം നാട്ടുകാരേയും ഞെട്ടിച്ചു. കുട്ടിയുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന ഇയാള്‍ക്കു ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. പലതവണ കുഞ്ഞിനെ പീഡിപ്പിച്ചുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മരണവാര്‍ത്തയറിഞ്ഞ് കുഞ്ഞിന്റെ പിതാവിനേക്കാള്‍ വികാരാധീനനായാണ് പ്രതി പെരുമാറിയിരുന്നത്. കഴിഞ്ഞ ദിവസം നടന്ന സംസ്‌കാരച്ചടങ്ങുകളിലും വിങ്ങിപ്പൊട്ടിയാണ് ഇയാള്‍ പങ്കെടുത്തത്. ജീവനോടെ പുഴയില്‍ എറിയപ്പെട്ട കുഞ്ഞ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരിച്ചതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. പീഡനത്തിന്റെ സൂചനകളായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ പുഴയിലെറിഞ്ഞതിന് അറസ്റ്റ് ചെയ്യപ്പെട്ട അമ്മയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. അഡിഷനല്‍ എസ്പി എം.കൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു 2 കേസുകളും അന്വേഷിക്കുന്നത്.

കുട്ടിയെ പുഴയിലെറിഞ്ഞു കൊന്ന കേസില്‍ പ്രതിയായ അമ്മയുടെ വിശദമായ ചോദ്യം ചെയ്യല്‍ ആരംഭിച്ചു. 7 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും 5 ദിവസത്തെ കസ്റ്റഡിയാണു മജിസ്‌ട്രേട്ട് കോടതി ചെങ്ങമനാട് പൊലീസിന് അനുവദിച്ചത്. ഇന്നലെ പൊലീസിന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ അമ്മ മൗനിയായിരുന്നു. മാനസികമായി തകര്‍ന്ന നിലയിലാണ് ഇവര്‍. ചോദ്യം ചെയ്യലിനു ശേഷം വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും. കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഇവരുടെ ബന്ധുവിനെയും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യംചെയ്യും.

കാക്കനാട് വനിതാ ജയിലിലായിരുന്ന അമ്മയെ വൈകിട്ട് അഞ്ചിന് ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ചോദ്യം ചെയ്യലിനോട് ഇവര്‍ നിസഹകരിക്കുകയാണെന്നറിയുന്നു. മാനസികനില തകരാറിലായവരെപ്പോലെയാണ് പ്രതികരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വിശദമായി ചോദ്യംചെയ്തശേഷം അടുത്ത ദിവസങ്ങളില്‍ മൂഴിക്കുളത്ത് കുട്ടിയെ പുഴയിലെറിഞ്ഞ സ്ഥലം, ആലുവ മണപ്പുറം,  അങ്കണവാടി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുക്കും.

Tags:    

Similar News