ഉച്ചയായിട്ടും വീട് തുറക്കാത്തതിനാല്‍ സമീപത്തു താമസിക്കുന്നവര്‍ മകനെ വിവരം അറിയിച്ചു; മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്ന മകന്‍ കണ്ടത് മാതാപിതാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന
കണ്ണൂരില്‍ ദമ്പതിമാര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭയുടെ തൊട്ടടുത്ത പ്രദേശമായ ചാലോട് കൊടോളിപ്രത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഗോകുലം വീട്ടില്‍ ബാബു (58), ഭാര്യ സജിത (55) എന്നിവരെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബാബുവിനെ കിടപ്പുമുറിയിലും സജിതയെ ഹാളിലെ ഫാനിലുമാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. സജിത ഫാനില്‍ തൂങ്ങാന്‍ കയറിയ കസേരയും മറ്റും കാണാനില്ല.
ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. മട്ടന്നൂര്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്നാണ് സൂചന. മട്ടന്നൂര്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ബാബുവും സജിതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകള്‍ ഭര്‍ത്താവിന്റെ വീട്ടിലും മകന്‍ ഭാര്യ വീട്ടിലും പോയിരുന്നു. ഉച്ചയായിട്ടും വീട് തുറക്കാത്തതിനാല്‍ സമീപത്തു താമസിക്കുന്നവര്‍ മകന്‍ സുബിജിത്തിനെ വിവരമറിയിക്കുകയായിരുന്നു. മകന്‍ വീട്ടിലെത്തി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ഇരുവരെയും തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
വിദേശത്തായിരുന്ന ബാബു പത്തു വര്‍ഷം മുന്‍പാണ് നാട്ടിലെത്തിയത്. പലിശ അടക്കം 25 ലക്ഷത്തോളം രൂപ ബാങ്കില്‍ അടയ്ക്കാനുണ്ടായിരുന്നുവെന്നും ഇതിന്റെ പ്രയാസത്തിലായിരുന്നു ബാബുവെന്നും നാട്ടുകാര്‍ പറഞ്ഞു. ജിബിഷയാണ് മകള്‍. വിവരം അറിയിച്ചതിനെ തുടര്‍ന്നു മട്ടന്നൂര്‍ എസ്‌ഐ സി.പി.ലിനേഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്ന് ഫൊറന്‍സിക് വിഭാഗവും വീട്ടിലെത്തി പരിശോധിച്ചു.