പബ്ബിലെ പരിചയം ഷഹീദിനേയും ഷഹാനയേയും അടുപ്പിച്ചു; അവര്‍ ആ പത്ത് കോടിയുടെ കഞ്ചാവുമായി എത്തിയത് മോളിവുഡിലെ പ്രമുഖര്‍ക്കായി; ഭക്ഷണപൊതികള്‍ക്കുള്ള അമിത ഭാരം സംശയമായി; ആ ഹൈബ്രിഡ് കഞ്ചാവ് കടത്തുകാരുടെ ചിത്രം പുറത്തുവിടാത്ത ഒളിച്ചുകളി; മുള്ളനും മാംബായിയും ദുരൂഹതയാകുമ്പോള്‍
തിരുവനന്തപുരം: വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്ചാവ് കടത്തിക്കൊണ്ടുവന്ന വിദ്യാര്‍ഥികളെ കുറിച്ച് കൂടുതല്‍ അന്വേഷണം. മലപ്പുറം സ്വദേശികളായ മുള്ളന്‍ ഷഹീദ്(23), മാംബായി ഷഹാന(21) എന്നിവരെയാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് പിടികൂടിയത്. പിടിയിലായവരുടെ ചിത്രങ്ങള്‍ പോലും പുറത്തു വന്നിട്ടില്ല. ഇവര്‍ വമ്പന്‍ മാഫിയയുടെ ഭാഗമാണെന്നാണ് സൂചന. അതുകൊണ്ടാണ് ഫോട്ടോ പോലും പുറത്തു വിടാത്തത്. സാധാരണ ചെറിയ തോതില്‍ സ്വര്‍ണ്ണവുമായി എത്തുന്നവരുടെ പോലും ചിത്രങ്ങള്‍ കേസെടുത്താല്‍ പുറത്തു വിടുന്നവരാണ് കസ്റ്റംസ്. സിനിമാ മേഖലയിലേക്ക് വേണ്ട ഹൈബ്രിഡ് കഞ്ചാവുമായാണ് ഇവര്‍ എത്തിയതെന്നാണ് സൂചന.
ബെംഗളൂരുവിലെ കോളേജില്‍ ഫാഷന്‍ ടെക്‌നോളജിക്കും നഴ്‌സിങ്ങിനും പഠിക്കുന്നുവെന്നാണ് കസ്റ്റംസിന് ഇവര്‍ നല്‍കിയ മൊഴി. ഒരു പബ്ബില്‍ വെച്ചാണ് പരിചയപ്പെട്ടതെന്നും ഒരുമിച്ചാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും മൊഴിനല്‍കിയിട്ടുണ്ട്. മലപ്പുറം സ്വദേശികളായ ഇവര്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങേണ്ട സാഹചര്യവും പരിശോധിക്കുന്നുണ്ട്. ഭക്ഷണം പൊതിയുന്ന പായ്ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. സാധാരണ ഭക്ഷണപ്പൊതികള്‍ കസ്റ്റംസ് പരിശോധിക്കാറില്ല. പായ്ക്കറ്റുകളുടെ ഭാരം കാരണമാണ് പരിശോധിച്ചത്. ഇലക്ട്രിക് സിഗരറ്റുകളാണോ എന്നു സംശയമായിരുന്നു ഇതിന് കാരണം. ഇവരില്‍ നിന്ന് കഞ്ചാവ് കൈപ്പറ്റാന്‍ പുറത്ത് ഒരു സ്ത്രീ കാത്തു നിന്നിരുന്നു. ഇവരെ കണ്ടെത്താനും അന്വേഷണം നടത്തും. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇതാദ്യമായാണ് ഹൈബ്രിഡ് വിഭാഗത്തിലുള്ള കഞ്ചാവ് പിടികൂടുന്നത്.
പിടിയിലായവര്‍ നേരത്തേയും തായ്ലാന്‍ഡ് യാത്ര നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. പത്തുകോടിയോളം വിലമതിക്കുന്ന, 10.6 കിലോ കഞ്ചാവാണ് ഇവരില്‍നിന്നു പിടിച്ചെടുത്തത്. തിരുവനന്തപുരം വഴി ഇവര്‍ നേരത്തേ കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യും. ഇവര്‍ നേരത്തേയും കഞ്ചാവ് കടത്തിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ നിന്നും ഇവര്‍ക്കൊപ്പം വിദേശത്തേക്ക് പോയ രണ്ടുപേര്‍ക്ക് കൂടി കഞ്ചാവ് കടത്തില്‍ പങ്കുണ്ടെന്നാണ് വിവരം.
ബംഗളൂരുവില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും നിശാക്ളബില്‍ വച്ചാണ് പരിചയപ്പെട്ടത്. ഇവര്‍ പിന്നീട് മയക്കുമരുന്ന് മാഫിയയുടെ വലയില്‍ കുടുങ്ങുകയായിരുന്നു. മാഫിയാ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം നാലുപേരും കഴിഞ്ഞമാസം പാസ്‌പോര്‍ട്ടെടുത്തു. തുടര്‍ന്ന് നാലുപേരെയും ടൂര്‍പാക്കേജ് എന്ന പേരില്‍ മയക്കുമരുന്ന് മാഫിയ തായ്ലാന്‍ഡിലേക്ക് അയച്ചു. തിരികെ വരുമ്പോള്‍ അവിടെ നിന്നും മടക്കയാത്രക്കുള്ള ടിക്കറ്റ് നല്‍കുന്നവര്‍ എല്‍പ്പിക്കുന്ന ലഗേജ് വിമാനത്താവളത്തിന് പുറത്തെത്തിക്കാനായിരുന്നു നിര്‍ദ്ദേശം.
ഭക്ഷണപ്പൊതികളിലാണ് 10.06 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബാങ്കോക്കില്‍ നിന്ന് സിങ്കപ്പൂര്‍ വഴിയുള്ള സ്‌കൂട്ട് എയര്‍ലൈന്‍സില്‍ ശനിയാഴ്ച രാത്രി പത്തരയോടെയാണ് പ്രതികള്‍ എത്തിയത്. ഷഹാനയാണ് ഷഹീദിനെ തായ്‌ലാന്‍ഡില്‍ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ വ്യക്തമായി. യുവതി മുമ്പും ഇതുപോലെ യാത്ര ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കേന്ദ്രീകരിച്ച് വ്യക്തമായ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്. യുവാക്കളെ കഞ്ചാവ് കടത്തിലേക്ക് ആകര്‍ഷിക്കാനുള്ള മയക്കുമരുന്ന് മാഫിയയിലെ പ്രധാനിയാണോ യുവതിയെന്നും പരിശോധിക്കും.
സാധാരണ കഞ്ചാവിനേക്കാള്‍ പത്തിരട്ടി വീര്യം കൂടിയതാണ് ഹൈബ്രിഡ് കഞ്ചാവ്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് വന്‍വിലയാണ്. യുവതി നേരത്തേയും ഇതുപോലെ പോയതായും പറയപ്പെടുന്നു. കഞ്ചാവ് കടത്തിയത് ഏതെങ്കിലും അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ പറഞ്ഞു.