ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍; മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി; ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും; കൊല്ലാന്‍ ഉപയോഗിച്ചത് കള നാശിനിയായ പാരാക്വിറ്റ്; ചേലാടുള്ള കടയില്‍ നിന്നും യുവതി കളനാശിനി വാങ്ങിയിരുന്നുവെന്നും കണ്ടെത്തല്‍; യുവാവിന്റെ മരണം അമിതമായ അളവില്‍ വിഷം ഉള്ളില്‍ച്ചെന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; 30കാരിയുടെ അറസ്റ്റ് ഉടന്‍
യുവാവിന്റെ മരണം കളനാശിനി ഉള്ളില്‍ച്ചെന്നെന്ന് സ്ഥിരീകരണം
കോതമംഗലം: കോതമംഗലത്തെ യുവാവിന്റെ മരണം വിഷം ഉള്ളില്‍ച്ചെന്നെന്ന് സ്ഥിരീകരണം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മാതിരപ്പള്ളി സ്വദേശി അന്‍സിലിന്റെ മരണം കളനാശിനി ഉള്ളില്‍ചെന്നാണെന്ന് സ്ഥിരീകരിച്ചത്. കസ്റ്റഡിയിലുള്ള പെണ്‍സുഹൃത്തിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. ചേലാട് സ്വദേശിനിയായ അദീനയാണ് പ്രതി. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്.
യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്‍സിലുമായി സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയില്‍ നിന്നുമാണ് അദീന വിഷം വാങ്ങിയത്. വിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. എന്നാല്‍ വിഷം കലക്കി നല്‍കിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. അമിത അളവില്‍ വിഷം ഉള്ളില്‍ ചെന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാഴാഴ്ച രാത്രി എട്ടരയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴായിരുന്നു അന്‍സിലിന്റെ മരണം. പെണ്‍സുഹൃത്ത് വീട്ടില്‍ വിളിച്ചുവരുത്തി തനിക്ക് വിഷം നല്‍കിയെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍വെച്ച് അന്‍സില്‍ സുഹൃത്തിനോടു പറഞ്ഞിരുന്നു. സുഹൃത്ത് ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് ചേലാട് സ്വദേശിനിയായ മുപ്പതുകാരിയെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ 12.20 വരെ അന്‍സില്‍ മൂവാറ്റുപുഴയ്ക്കടുത്തുള്ള പേഴയ്ക്കാപ്പള്ളിയിലുണ്ടായിരുന്നു. പിന്നീടാണ് പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്. ക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സില്‍ വിവാഹിതനാണ്. മക്കളുമുണ്ട്. പെണ്‍സുഹൃത്തുമായി ഏറെക്കാലമായി അന്‍സിലിന് അടുപ്പമുണ്ടായിരുന്നു. ഇടയ്ക്കിടെ പിണക്കങ്ങളുണ്ടാകുമെങ്കിലും അവ പരിഹരിക്കപ്പെട്ടിരുന്നുവെന്നുമാണ് വിവരം.
മലിപ്പാറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന പെണ്‍സുഹൃത്തിന്റെ വീടിനു സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് അന്‍സലിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. 29ന് യുവതിയുടെ വീട്ടിലെത്തി അന്‍സല്‍ ബഹളമുണ്ടാക്കി. 30ന് പുലര്‍ച്ചെയാണ് തനിക്ക് ശാരീരിക ബുദ്ധിമുട്ടുണ്ടെന്ന് ബന്ധുവിനെ വിളിച്ചു പറഞ്ഞത്. ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് യുവതി ചതിച്ചെന്ന് അന്‍സല്‍ വെളിപ്പെടുത്തിയത്. ആലുവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു.