വിമാനം ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂറോളം; പരിഭ്രാന്തരായി യാത്രക്കാര്‍; റഡാര്‍ സംവിധാനത്തിലെ തകരാറെന്ന് റിപ്പോര്‍ട്ട്; തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാന യാത്രക്കാരില്‍ കേരളാ എംപിമാരും

തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്

Update: 2025-08-11 00:21 GMT

ചെന്നൈ: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. രണ്ട് മണിക്കൂറോളം വിമാനം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് നിലത്തിറക്കിയത്. ഇതോടെ യാത്രക്കാരെല്ലാം പരിഭ്രാന്തരായി.

എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി് പറഞ്ഞു.

വിമാനത്തില്‍ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാത്രി 7.20ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ അര മണിക്കൂര്‍ വൈകി 7.50ന് ആണ് വിമാനം പുറപ്പെട്ടത്. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൈലറ്റ് അനൗണ്‍സ്‌മെന്റ് ചെയ്തു. ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്ങിനുള്ള ശ്രമം തുടങ്ങി. രണ്ടു മണിക്കൂറോളമാണ് വിമാനം ആകാശത്തു വട്ടമിട്ട് പറന്നത്.

ഇന്ധനം കത്തിച്ചു തീര്‍ക്കാനുള്ള ശ്രമം അവസാനഘട്ടത്തില്‍ എത്തിയതിന് ശേഷമാണ് വിമാനം ലാന്‍ഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയത്. എന്നാല്‍ ഈ സമയത്ത് റണ്‍വേയില്‍ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം തകരാറുള്ള വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അര മണിക്കൂര്‍ വീണ്ടും ആകാശത്തു പറന്ന ശേഷമാണു വിമാനം ലാന്‍ഡ് ചെയ്യാന്‍ സാധിച്ചത്. തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്കു പുറപ്പെട്ട എഐസി2455 വിമാനമാണ് ഞായറാഴ്ച രാത്രി അടിയന്തര ലാന്‍ഡിങ്.

Tags:    

Similar News