വിദേശത്തേക്കുള്ള വിസ വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ചു; ശീതള പാനീയം നല്‍കി മയക്കി ലൈംഗികാതിക്രമം; വിഡിയോ ചിത്രീകരിച്ചെന്നും യുവതിയുടെ പരാതി; പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തു

പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തു

Update: 2025-08-18 11:25 GMT

തിരുവനന്തപുരം: വിദേശത്തു ജോലിക്കുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രവാസി വ്യവസായിക്ക് എതിരെ കേസെടുത്തു. ലഹരി കലര്‍ത്തിയ ശീതള പാനീയം നല്‍കി ബോധം കെടുത്തിയ ശേഷം പ്രവാസി വ്യവസായി തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന വക്കം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്താണ് സംഭവം. ചെമ്മരുതി തച്ചോട് സ്വദേശി ഷിബുവിനെതിരെയാണ് അയിരൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തന്നെ ലൈംഗികമായി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഷിബു മൊബൈലില്‍ പകര്‍ത്തിയെന്നും വക്കം സ്വദേശിയായ യുവതി പരാതിയില്‍ പറയുന്നു. വിദേശത്തേക്കുള്ള വിസ തരപ്പെടുത്താമെന്ന് യുവതിക്ക് വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ചാണ് ഷിബു അയാളുടെ വീട്ടിലെത്തിച്ച് ലൈംഗികമായി ഉപയോഗിച്ചത്.

യുവതി ഷിബുവിനെതിരെ മുഖ്യമന്ത്രിയ്ക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. യുവതിയെ ഷിബുവിന്റെ വീട്ടിലെത്തിച്ച് ശീതള പാനീയത്തിലൂടെ ലഹരി നല്‍കി ബോധരഹിതയാക്കിയ ശേഷം ലൈംഗിക പീഡനം നടത്തിയെന്നും, വീഡിയോ ചിത്രീകരിച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

യുവതി മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ കേസ് കൊടുത്തതോടെ, യുവതിയും അവരുടെ അഭിഭാഷകനും പണം തട്ടാനുള്ള ശ്രമം നടത്തുകയാണെന്ന് ആരോപിച്ച് ഷിബു നല്‍കിയ പരാതിയിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഷിബു നല്‍കിയത് വ്യാജ പരാതിയാണെന്നും ഒളിവിലുള്ള പ്രതിയെ പിടികൂടി നടപടികള്‍ സ്വീകരിക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

Tags:    

Similar News