നാവികസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് സൗഹൃദം സ്ഥാപിച്ചു; വിവാഹ വാഗ്ദാനം നല്‍കി പീഡനം; 30 ലക്ഷം തട്ടിയെടുത്തു; ഐഎഎസുകാരനായി ചമഞ്ഞ് പണം തട്ടിയ കേസിലും പ്രതി; പുന്നപ്ര സ്വദേശി പിടിയില്‍

Update: 2025-09-19 13:45 GMT

കൊച്ചി: നാവികസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച കേസില്‍ 30 കാരന്‍ പിടിയില്‍. ആലപ്പുഴ പുന്നപ്ര സൗത്ത് ദുന്നജാത്ത് വീട്ടില്‍ മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (30) ആണ് എറണാകുളം സെന്‍ട്രല്‍ പൊലീസിന്റെ പിടിയിലായത്. പിടിയിലായ ആള്‍ മുമ്പ് ഐഎഎസുകാരനായി ചമഞ്ഞ് പണം തട്ടിയ കേസിലെയും പ്രതിയാണ്. ഒരു വര്‍ഷം മുമ്പ് നടത്തിയ 'വിവാഹ തട്ടിപ്പ്' കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു പുതിയ തട്ടിപ്പ്.

വിവാഹിതനാണെന്ന് മറച്ചു വച്ചായിരുന്നു ഇയാളുടെ ഇടപാടുകള്‍. ഡിസംബറില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയായിരുന്നു പുതിയ ഇര. ചിലപ്പോള്‍ ഇയാള്‍ ഐഎഎസുകാരനാകും, മസൂറിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനത്തിലാണെന്നു പറയും, ചിലപ്പോള്‍ ഇയാള്‍ നാവികസേനാ ഉദ്യോഗസ്ഥനാകും, വേഷം ഏതായാലും ലക്ഷ്യം ഒന്നു തന്നെ തട്ടിപ്പ്. നാവികസേനാ ഉദ്യോഗസ്ഥന്‍ ചമഞ്ഞായിരുന്നു ഇത്തവണ യുവതിയെ പരിചയപ്പെട്ടത്. പിന്നീട് യുവതിയുമായി സൗഹൃദത്തിലായി.

ബന്ധം വളരുകയും ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് ഇവരില്‍ നിന്ന് പണവും തട്ടിയെടുത്ത് മുങ്ങി. തുടര്‍ന്ന് യുവതി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാള്‍ ചേര്‍ത്തലയിലെ ഒരു ലോഡ്ജിലുണ്ടെന്നറിഞ്ഞ പൊലീസ് സംഘം ഇവിടെയെത്തി അജ്മലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2023 ഫെബ്രുവരിയില്‍ ഐഎഎസ് ട്രെയിനി ചമഞ്ഞ് തട്ടിപ്പു നടത്തിയ കേസിലും ഇയാള്‍ പിടിയിലായിരുന്നു. തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട അരയന്‍കാവ് സ്വദേശിനിയോട് താന്‍ ഐഎഎസ് ട്രെയിനിയാണെന്നും നിലവില്‍ മസൂറിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ പരിശീലനത്തിലാണെന്നുമായിരുന്നു യുവാവ് പറഞ്ഞത്. പിന്നീട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 30 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാഞ്ഞതോടെ, ബന്ധം അവസാനിപ്പിച്ച് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് യുവാവ് ഉത്തരേന്ത്യയിലേക്ക് മുങ്ങി. പിന്നീട് ഹൈദരാബാദില്‍ നിന്നായിരുന്നു ഇയാള്‍ അറസ്റ്റിലായത്.

Similar News