മെഡിക്കല്‍ ജോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേര്‍ പോലീസ് പിടിയില്‍; പ്രതികളെ പിടികൂടിയത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍; കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തില്‍ പോലീസ്

Update: 2025-10-12 07:26 GMT

ദുര്‍ഗാപൂര്‍: പശ്ചിമ ബംഗാളില്‍ വീണ്ടും നടുക്കം സൃഷ്ടിച്ച കൂട്ടബലാത്സംഗം. ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളുടെ പേരുകളോ വ്യക്തിഗത വിവരങ്ങളോ പൊലീസുകള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദുര്‍ഗാപൂരിലെ ശോഭാപൂരിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെയായിരുന്നു ആക്രമണം. കോളജ് ക്യാംപസിന് സമീപം സുഹൃത്തിനൊപ്പം നടന്നുപോകുമ്പോള്‍ യുവതിയെ ഒരാള്‍ പിടിച്ചിഴച്ച് ആശുപത്രിയുടെ പിന്നാമ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അവളെ കൂട്ടമായി പീഡിപ്പിച്ചു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച പൊലീസ്, മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ വിശകലനം ചെയ്താണ് മൂന്ന് പേരെ പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ ഫോണ്‍ വഴി മറ്റൊരാളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്ന സംശയത്തിലാണ് പൊലീസ്.

മെഡിക്കല്‍ കോളേജിലെ ജീവനക്കാരെയും വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി ചോദ്യം ചെയ്യലുകള്‍ തുടരുന്നു. ക്യാംപസിലെ സിസിടിവി ദൃശ്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, ആശുപത്രിയില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായും അധികൃതര്‍ അറിയിച്ചു.

പശ്ചിമ ബംഗാളില്‍ കഴിഞ്ഞ വര്‍ഷം ആര്‍.ജീ.കര്‍ ആശുപത്രിയിലെ യുവ ഡോക്ടറുടെ ബലാത്സംഗ-കൊലക്കേസിന് പിന്നാലെ വീണ്ടും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ അതിക്രമം സംസ്ഥാനത്തെ ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീസുരക്ഷാ വിഷയത്തില്‍ പൊലീസ് നടപടി ശക്തമാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.

Tags:    

Similar News