പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അച്ഛന്റെ പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; തൂത്തുക്കുടിയില്‍ നിന്നും തൃശൂരിലെത്തി വാടകവീട്ടില്‍ ഒളിവുജീവിതം; പ്രതികളായ യുവതിയും പതിനാറുകാരനായ മകനും സഹപാഠിയും പിടിയില്‍

പ്രതികളായ യുവതിയും പതിനാറുകാരനായ മകനും സഹപാഠിയും പിടിയില്‍

Update: 2025-09-20 06:42 GMT

തൃശൂര്‍: തൂത്തുക്കുടിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അച്ഛന്റെ പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ ശേഷം നാടുവിട്ട യുവതിയും പതിനാറുകാരനായ മകനും സഹപാഠിയും അറസ്റ്റില്‍. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെല്‍വി (38), ഇവരുടെ പതിനാറുകാരനായ മകന്‍, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണര്‍ ആര്‍.ഇളങ്കോ അറിയിച്ചതനുസരിച്ചു തൂത്തുക്കുടി പൊലീസ് സംഘം വൈകിട്ടോടെ തൃശൂരിലെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

സെല്‍വിയുടെ മകനും കൂട്ടുകാരനും ചേര്‍ന്നാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. ഭര്‍ത്താവിന്റെ കാമുകിയെ വീട്ടില്‍ അതിക്രമിച്ച് കയറി 28 തവണ വെട്ടി കൊലപ്പെടുത്തിയ ശേഷം യുവതിയും മകനുമടക്കം ഒഴിവില്‍ പോവുകയായിരുന്നു. 5 ദിവസം മുന്‍പു തൂത്തുക്കുടി തലമുത്തുനഗറിലായിരുന്നു നടുക്കമുണ്ടാക്കിയ സംഭവം. ശക്തി മഹേശ്വരിയെ (37)യാണ് കൊല്ലപ്പെട്ടത്.

സെല്‍വിയുടെ ഭര്‍ത്താവായ കോണ്‍സ്റ്റബിളിനു ശക്തി മഹേശ്വരിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇതേച്ചൊല്ലി സെല്‍വിയും മകനും ശക്തി മഹേശ്വരിയെ താക്കീതു ചെയ്തിരുന്നു. താക്കീത് അവഗണിച്ചതിന്റെ പേരില്‍ സെല്‍വിയുടെ മകന്‍ സഹപാഠിയെയും കൂട്ടി ശക്തി മഹേശ്വരിയുടെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇവര്‍ സെല്‍വിയെയും കൂട്ടി തിരുവനന്തപുരത്തേക്കാണു കടന്നുകളഞ്ഞത്.

പിന്തുടര്‍ന്നെത്തിയ തമിഴ്‌നാട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തൃശൂരിലേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ കയറിയതായി കണ്ടെത്തി. ഈ വിവരത്തിനു പിന്നാലെ എസിപി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി. സെല്‍വിയും മറ്റു രണ്ടു പേരും തൃശൂരില്‍ ലോഡ്ജില്‍ ഒരു ദിവസം തങ്ങിയ ശേഷം പൂങ്കുന്നത്തേക്ക് ഓട്ടോറിക്ഷയില്‍ പോയതായി കണ്ടെത്തി. പിന്തുടര്‍ന്നെത്തിയപ്പോഴാണു വാടകവീട്ടില്‍ ഒളിവില്‍ കഴിയുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്. എസ്എച്ച്ഒ എം.ജെ.ജിജോ, സിപിഒമാരായ ദീപക്, സൂരജ്, അജ്മല്‍, ഹരീഷ് എന്നിവരടങ്ങിയ സംഘം ഇവരെ പിടികൂടി.

Similar News