സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു; നാലു മാസത്തിന് ശേഷം യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി വീട്ടുകാര്‍; അലറിക്കരഞ്ഞ് യുവതി: ആക്രമണം മുളകുപൊടി എറിഞ്ഞ ശേഷം

സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചു; യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി വീട്ടുകാര്‍

Update: 2025-09-26 01:53 GMT

ഹൈദരാബാദ്: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കി കൊണ്ടുപോയി യുവതിയുടെ മാതാപിതാക്കളും ബന്ധുക്കളും. നാലുമാസം മുന്‍പാണ് യുവതി മാതാപിതാക്കളുടെ സമ്മതമില്ലാതെ യുവാവിനെ വിവാഹം കഴിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കള്‍ യുവതിയുടെ ഭര്‍ത്താവിന്റെ വീട്ടിലെത്തി വീട്ടിലുള്ളവരെ ആക്രമിക്കുകയും യുവതിയെ നിലത്ത് കൂടി വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ട് പോകുകയും ആയിരുന്നു.

ഹൈദരാബാദിലെ നര്‍സംപള്ളിയിലാണ് സംഭവം. യുവതിയെ സ്വന്തം മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്ന് ഇറക്കികൊണ്ടുപോകുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവതി അലറി കരയുന്നതും വീഡിയോയില്‍ കാണാം. യുവതിയുടെ വീട്ടുകാര്‍ എത്തിയതിന് പിന്നാലെ യുവതിയുടെ ബന്ധുക്കളും യുവാവിന്റെ ബന്ധുക്കളും തമ്മില്‍ ആദ്യം വാക്കു തര്‍ക്കമുണ്ടായി. പിന്നാലെ യുവതിയെ വീട്ടുകാര്‍ വലിച്ചിഴച്ച് കാറില്‍ കയറ്റുകയായിരുന്നു.

വരന് നല്ല ജോലിയില്ലെന്നതുകൊണ്ടാണ് യുവതിയുടെ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. എന്നാല്‍ ഇവര്‍ ഒരേ ജാതിയില്‍ പെട്ടവരാണെന്ന് കീസറ പൊലീസ് അറിയിച്ചു. മുളകുപൊടി എറിഞ്ഞ ശേഷമാണ് ആക്രമണമുണ്ടായതെന്നാണ് യുവതിയുടെ ഭര്‍തൃ വീട്ടുകാര്‍ പറയുന്നത്. സംഘര്‍ഷത്തിനിടെ മര്‍ദിച്ചെന്നും ഇവര്‍ പറയുന്നു. യുവതിയെ കൊണ്ടുപോകുന്നത് തടയാന്‍ വന്ന യുവാവിനെയും കുടുംബത്തെയും ഇവര്‍ ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം.

സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ യുവതിയെ വീടിനുള്ളില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു വരുന്നതാണ് ആദ്യം കാണുന്നത്. യുവതി നലത്ത് വീഴുന്നതും, അലറികരയുന്ന യുവതിയെ മണ്ണിലൂടെ വലിച്ചിഴച്ച് കാറിലേക്ക് കയറ്റുന്നതു കാണാം. കാറിന് അടുത്തെത്തുമ്പോള്‍ കാറില്‍ കയറാന്‍ സമ്മതിക്കാതിരുന്ന യുവതിയെ അവിടെ നിന്ന് ബലം പ്രയോഗിച്ചാണ് കാറിനകത്തേക്ക് കയറ്റുന്നത്. വടി കൊണ്ട് യുവതിയുടെ വീട്ടുകാര്‍ യുവാവിനെയും കുടുംബത്തെയും മര്‍ദിക്കുന്നുണ്ട്. മകളെ തട്ടിക്കൊണ്ടുപോയെന്ന് നേരത്തെ യുവതിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Tags:    

Similar News