ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസ് സ്റ്റേഷനില്‍ ഹാജരായി; ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്ന് പ്രിന്റു മാധ്യമങ്ങളോട്

Update: 2025-09-30 15:44 GMT

പത്തനംതിട്ട: സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചയ്ക്കിടെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് പ്രിന്റു സ്റ്റേഷനില്‍ എത്തിയത്. രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി നടത്തി എന്ന പരാതിയില്‍ കഴിഞ്ഞ ദിവസം പേരാമംഗലം പൊലീസ് പ്രിന്റു മഹാദേവിനെതിരെ കേസെടുത്തിരുന്നു. പ്രിന്റുവിനെ കണ്ടെത്താന്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. ഹിംസയെ പ്രോത്സാപ്പിക്കുന്ന ആളല്ലെന്നും സത്യം എന്താണെന്ന് സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി വക്താവ് പ്രിന്റു വിവാദ പരാമര്‍ശം നടത്തിയത്. വിവാദ പരാമര്‍ശം പ്രിന്റു മഹാദേവനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അഡ്വ ബിപിന്‍ മാമന്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയില്‍ വഴി ബിപിന്‍ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നല്‍കിയത്. പ്രിന്റു മഹാദേവനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്.

കെപിസിസി സെക്രട്ടറി സി സി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് പ്രിന്റു മഹാദേവിനെതിരെ തൃശ്ശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്തത്. ഈ പരാതിയില്‍ പേരാമംഗലം പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പേരാമംഗലം പൊലീസ് കേസെടുത്തത്.

പ്രിന്റു മഹാദേവനെ തിരഞ്ഞ് ബിജെപി തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടന്നിരുന്നു. ബിജെപി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നതിന്റെ വീട്ടിലും സഹോദരന്‍ ഗോപിയുടെ വീട്ടിലുമാണ് പൊലീസ് റെയ്ഡ് നടത്തിയത്. റെയ്ഡുകളില്‍ പ്രതിഷേധിച്ച് തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

Similar News